കൊല്ലം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം വാടി സ്വദേശി പാറ്റ് നിബിന്റെ അച്ഛൻ ആന്റണി മാക്സ്‌വെല്ലിന് മകന്റെ മരണവാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല. 'ഇവിടെ പ്രശ്നങ്ങളൊന്നുമില്ല പപ്പാ...' എന്ന നിബിന്റെ വാക്കുകളാണ് ആ അച്ഛന്റെ കാതിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്.
ഇസ്രയേലിലെ യുദ്ധവാർത്തകൾ അറിയുമ്പോഴെല്ലാം ആന്റണി മാക്സ്‌വെൽ മകനെ വിളിക്കും. ഇടയ്ക്കിടെ നിബിൻ അച്ഛനെയും. അപ്പോഴെല്ലാം അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകണം ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് അവൻ പറഞ്ഞിരുന്നത്. പതിവ് പോലെ ഇന്നലെയും നിബിൻ വിളിച്ചു. സാധാരണക്കെയാൾ ആത്മവിശ്വാസത്തോടെ അവൻ അച്ഛനോട് സംസാരിച്ചു, 'ഇവിടെ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയില്ല. ഇസ്രയേൽ ഡിഫൻസ്‌ഫോഴ്‌സ് ക്യാമ്പ് തൊട്ടടുത്തല്ലേ, അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല'- എന്നാണ് നിബിൻ അവസാനം പറഞ്ഞത്. ആന്റണിയുടെ ഫോണിലേക്ക് നിബിൻ വിളിക്കുമ്പോഴെല്ലാം അഞ്ചു വയസുകാരിയായ മകൾ ആമിയ ഓടിയെത്തും. പക്ഷേ, അവസാനം വിളിക്കുമ്പോൾ അവൾ അടുത്തുണ്ടായിരുന്നില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നിബിൻ അച്ഛനുമായി ഫോണിൽ സംസാരിച്ചത്. വൈകിട്ട് 4.30 ഓടെ നിബിന് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ വിവരം സഹോദരൻ അറിയിച്ചു. അപ്പോൾ മുതൽ വാടി പനമൂട്ടിലെ നിബിന്റെ വീടായ കാർമൽ കോട്ടേജ് പ്രാർത്ഥനയിലായിരുന്നു. പക്ഷേ നിബിൻ യാത്രയായെന്ന വിവരം രാത്രി 12.45 ഓടെ കാർമ്മൽ കോട്ടേജിലെത്തി. ഇതുകേട്ട് നിബിന്റെ ഭാര്യ ഫിയോണ കുഴഞ്ഞുവീണു. അമ്മ റോസ് കരഞ്ഞു തളർന്ന് കിടപ്പാണ്. പപ്പ ഉടൻ വരുമെന്ന് അപ്പൂപ്പൻ പറഞ്ഞത് വിശ്വസിച്ച ആമിയെ, അമ്മൂമ്മയെ ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ണു നിറയ്ക്കുന്നതായി.
ഐ.ടി.ഐ പഠനം കഴിഞ്ഞ പാറ്റ് നിബിന് നാട്ടിൽ ജോലിയൊന്നും ലഭിക്കാതിരുന്നതിനാൽ ലേബർ വിസയിൽ മസ്‌കറ്റിലേക്ക് പോയി. വിവാഹശേഷം ഷാർജയിൽ ജോലി ചെയ്യുമ്പോഴാണ് ഇസ്രയേലിൽ ജോലി ശരിയായത്. ഭാര്യയുടെ കുടുംബം വർഷങ്ങളായി ഇസ്രയേലിലാണ്. ഇവർ വഴിയാണ് ഇസ്രയേലിലെ ഫാമിൽ നിബിന് ജോലി ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇസ്രയേലിൽ എത്തി.