കൊല്ലം: പ്രചരണച്ചൂടിൽ പിറന്നാൾ ആഘോഷിച്ച് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ അവരൊരുക്കിയ സർപ്രൈസ് കേക്ക് മുറിച്ചാണ് മുകേഷ് പിറന്നാൾ ആഘോഷിച്ചത്. പതിവു പോലെ രാവിലെ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം സജീവമായി. രാവിലെ വീട്ടിൽ നിന്നിറങ്ങി പ്രമുഖ വ്യക്തികളെ കണ്ടശേഷം പ്രാക്കുളം ഗവ.എൽ.പി സ്കൂളിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും റോട്ടറി ക്ലബ് ഒഫ് ദേശിംഗനാടും ചേർന്ന് സംഘടിപ്പിച്ച വൃക്ഷവ്യാപന പദ്ധതിയായ മധുരവനം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കൊപ്പം മരം നട്ടു. തുടർന്ന് ഉൾനാടൻ ജലഗതാഗതവകുപ്പ് നിർമ്മിച്ച കുരീപ്പുഴ-പാണമുക്കം ബോട്ടുജെട്ടി ഉദ്ഘാടനം ചെയ്തു. ഇസ്രായേലിൽ ഹമാസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിവിൻ മാക്സ് വെല്ലിന്റെ വീട് സന്ദർശിച്ച് കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. തുടർന്ന് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് വീട്ടിലെത്തി അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പിറന്നാൾ സദ്യ കഴിച്ച ശേഷം വീണ്ടും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലേക്കു മടങ്ങി.

ജനങ്ങളെ കണ്ടും കേട്ടും അവരുടെ സന്തോഷം ഏറ്റുവാങ്ങിയുമായിരുന്നു ഈ വർഷത്തെ പിറന്നാൾ ആഘോഷം. പൊള്ളുന്ന വെയിലിനെ പോലും അവഗണിച്ച് വഴിയോരങ്ങളിൽ കാത്തുനിന്ന് ജനങ്ങൾ തന്ന സ്നേഹമാണ് പിറന്നാൾ സന്തോഷവും സമ്മാനവും

എം.മുകേഷ് എം.എൽ.എ