അഞ്ചൽ: അഞ്ചൽ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ തീ പിടിത്തത്തിൽ ഒന്നരകോടിയോളം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീ കാണപ്പെട്ടത്. അവിടെ സൂക്ഷിച്ചിരുന്ന ടൺകണക്കിന് മാലിന്യങ്ങൾ കത്തിയമർന്നു. പഞ്ചായത്ത് വക കെട്ടിതത്തിന്റെ ഷട്ടറുകൾ ഉൾപ്പടെയുള്ളവ നശിച്ചു. രാത്രി പത്തരയോടെയാണ് ആദ്യ തീ കണാണപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പുനലൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും അത് വിഫലമായി. പിന്നീട് കടയ്ക്കലിൽ നിന്ന് മറ്റൊരു ഫയർഫോഴ്സ് യൂണിറ്റുകൂടി എത്തി. എന്നിട്ടും തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതായതോടെ കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ, രണ്ട് ജെ.സി.ബികൾ, നാട്ടുകാർ തുടങ്ങിയവരുടെ ശ്രമഫലമായി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ആശാസ്ത്രീയമായി ചന്തയ്ക്കുള്ളിൽ വർഷങ്ങളായി ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിയമർന്നത്. പലതവണ ഇത് നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പുനലൂർ ആർ.ഡി.ഒ സോളി ആന്റണി സംഭവസ്ഥലം സന്ദർശിച്ചു. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി ഫസിൽ അൽ അമാൻ തുടങ്ങിയവരും ആർ.ഡി.ഒയ്ക്ക് ഒപ്പമുണ്ടായിരുന്നു. തീ പിടിത്തത്തിൽ നാശം നഷ്ടം സംഭവിച്ച കച്ചവടക്കാർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടാകണമെന്ന ഫസിൽ അൽ അമാൻ ആവശ്യപ്പെട്ടു.