കൊല്ലം: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ പന്നിക്കൂട്ടങ്ങളെ വെടിവയ്ക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

കാട്ടുപന്നികളെ വെടിവയ്ക്കാൻ തോക്ക് ലൈസൻസുള്ള വ്യക്തികളെ അന്വേഷിച്ചെങ്കിലും തദ്ദേശീയരായ വ്യക്തികളുടെ സേവനം ലഭിച്ചില്ലെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വനം വകുപ്പ് എംപാനൽ ചെയ്ത വേട്ടക്കാരുടെ സേവനവും ലഭിച്ചില്ല. 2023 ഒക്ടോബർ 26 നുള്ള പത്രങ്ങളിൽ തോക്ക് ലൈസൻസുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് പത്രപരസ്യം നൽകി. എന്നാൽ ആരും സന്നദ്ധത അറിയിച്ചില്ല.

2023 നവംബർ 2 ന് ശൂരനാട് നോർത്ത് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം ഉണ്ടായപ്പോൾ വെടിവയ്ക്കാൻ തയ്യാറായ മാവേലിക്കര സ്വദേശി ദിലീപ് കോശിയെ മൈനാഗപ്പള്ളിയിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ നിയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തെങ്ങിൻ തൈ, വാഴ, മരച്ചീനി,കാച്ചിൽ, ചേന, ചേമ്പ് എന്നീ കാർഷിക വിളകൾ കാട്ടുപന്നി കൂട്ടത്തോടെ നശിപ്പിക്കുന്നത് തുടരുകയാണെന്നും ഓട്ടോറിക്ഷ യാത്രക്കാരെ വരെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായെന്നും പരാതിക്കാരനായ മൈനാഗപ്പള്ളി സ്വദേശി ജോൺ മത്തായി കമ്മിഷനെ അറിയിച്ചു.