കൊച്ചി: സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലം ശാസ്താംകോട്ട സ്വദേശി ഹരിയെ (58) നോർത്ത് പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ മുകേഷിനാണ് (38) കുത്തേറ്റത്. കഴുത്തിലും കക്ഷത്തിലും ആഴത്തിൽ മുറിവേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർ താമസിക്കുന്ന കലൂർ ആസാദ് റോഡിലെ ഫ്ലാറ്റിലെ മുറിയിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വൈറ്റ് ഗാർഡെന്ന സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണ് ഇരുവരും. പൊലീസ് പറയുന്നത്: ഇന്നലെ രാവിലെ മുതൽ ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഉച്ചയോടെ വാക്കുതർക്കമായി. ഇതിനുശേഷം മുകേഷ് മുറിയിൽക്കിടന്ന് ഉറങ്ങി. വൈകിട്ട് ഹരി വിളിച്ചിട്ട് മുകേഷ് എഴുന്നേറ്റില്ല. കുളിമുറിയിൽനിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത് ഹരി മുകേഷിന്റെ ദേഹത്തൊഴിച്ചു. തുടർന്നുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്നയാളാണ് പൊലീസിനെ അറിയിച്ചത്. ഇയാൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തുംമുന്നേ ഹരി സ്ഥലംവിട്ടിരുന്നു. സമീപത്തെ ചായക്കടയുടെ പരിസരത്ത് നിന്നാണ് പിടികൂടിയത്.