കൊല്ലം: ജില്ലാ ആശുപത്രിയിൽ 144 കോടിയുടെ കിഫ്‌ബി സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഏഴര വർഷം കൊണ്ട് കൊല്ലം നഗരത്തിൽ ആയിരം കോടിയുടെ വികസനം നടപ്പാക്കിയെന്നും ജില്ലയുടെ മുഖച്ഛായ മാറ്റുന്ന നിർമ്മാണ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ആശുപത്രിയോട് ചേർന്ന് സർക്കാർ വിക്ടോറിയ ആശുപത്രിയിലും ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കോടതിക്ക് പുതിയ കെട്ടിടം, ബയോ ഡൈവേഴ്‌സിറ്റി പാർക്ക്, ബൈപാസ് പാലത്തിന്റെ നിർമ്മാണം, ഇൻഡോർ സ്റ്റേഡിയം എന്നിവ പൂർത്തീകരണ പാതയിലാണെന്നും മന്ത്രി പറഞ്ഞു. എം.മുകേഷ്.എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, കോർപ്പറേഷൻ ​ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷർ, ഡി.എം.ഒ ഡോ. കെ. വസന്ത ദാസ് തുടങ്ങിയവർ പങ്കെടുത്തു. ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

പുതിയ കെട്ടിടങ്ങളിൽ ജനറൽ ടവർ, യൂട്ടിലിറ്റി കോംപ്ലക്‌സ്, ഡയഗനോസ്റ്റിക് സെന്റർ എന്നി​വയാണ് പ്രവർത്തിക്കുക.