saraswathi

കൊല്ലം: പിറന്നാൾ ദിനത്തിൽ സ്വകാര്യ ബസിടിച്ച് മരിച്ച ആശ്രാമം നമ്പാരത്ത് വീട്ടിൽ സരസ്വതിയുടെ (74) മൃതദേഹം പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു. ചൊവ്വാഴ്ച രാവിലെ 8.20 ഓടെ ആശ്രാമം നായേഴ്സ് ജംഗ്ഷനിലായിരുന്നു സംഭവം. സരസ്വതിയുടെ ജന്മനാളിന് പുറമേ ഭർത്താവ് പ്രഭാകരന്റെ ചരമവാർഷിക ദിനവുമായിരുന്നു ചൊവ്വാഴ്ച.

രണ്ടും പ്രമാണിച്ച് സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം തിരുമുല്ലവാരം ക്ഷേത്രത്തിൽ പോകാൻ ബസ് കയറാൻ എത്തിയതായിരുന്നു സരസ്വതി. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സരസ്വതിയെ ഇടിച്ചിട്ട സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തിൽ പോകാൻ ഒപ്പമുണ്ടായിരുന്ന ഏകമകൾ സുജാത സരസ്വതി ബസ് സ്റ്റോപ്പിലേക്ക് പോയപ്പോൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. ബസ് സ്റ്റോപ്പിൽ അപകടം നടന്നത് വഴിയാത്രക്കാർ പറഞ്ഞ് സുജാത അറിഞ്ഞെങ്കിലും സ്വന്തം അമ്മയാണെന്ന് അറിഞ്ഞിരുന്നില്ല. സരസ്വതിയുടെ പേഴ്സിലുണ്ടായിരുന്ന ഫോൺ നമ്പരിൽ നാട്ടുകാർ വിളിച്ചുകാര്യം പറഞ്ഞപ്പോഴാണ് മരിച്ചത് തന്റെ അമ്മയാണെന്ന് സുജാത അറിഞ്ഞത്. സുരേഷ് കുമാറാണ് മരുമകൻ.