ഉത്പ്പന്നങ്ങൾക്ക് വിപണി തേടി 10 കിലോമീറ്റർ വനയാത്ര

ആര്യങ്കാവ് : ഉപജീവന മാർഗമായ വളർത്തുമൃഗങ്ങളെ പുലിയും ചെന്നായും കൊണ്ടു പോകാതെ പരമാവധി സംരക്ഷിക്കുമ്പോഴും ഇവ നൽകുന്ന ഉത്പ്പന്നങ്ങൾ വിൽക്കാൻ കിലോമീറ്ററുകൾ താണ്ടണം. ആര്യങ്കാവിലെ കർഷകർക്ക് പത്ത് കിലോമീറ്ററുകൾ പിന്നിട്ട് കഴുതുരുട്ടിയാണ് ആര്യങ്കാവ് വനമേഖലയിലുള്ളവർക്ക് പാലിനും മുട്ടയ്‌ക്കും വിപണി. ഇവിടുത്തെ ചായക്കടകളിൽ പായ്‌ക്കറ്റുകളിലാക്കിയാണ് പാൽ എത്തിക്കുന്നത്.തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്നതിനാൽ അവിടെ നിന്നുള്ള പാലും ചായക്കടകളിലെത്തുന്നു.

കാലിതീറ്റയ്‌ക്കും കോഴിതീറ്റയ്‌ക്കും ഉയർന്ന വില

പഞ്ചായത്തിൽ നിന്ന് ഒരേ സമയം വിതരണം ചെയ്‌ത സമപ്രായക്കാരായ കിടാങ്ങൾ ഒരു പോലെ വളർച്ചയെത്തി പാൽ ചുരത്തുന്നതിനാൽ അയൽവീടുകളിലും പാലിന് മാർക്കറ്റ് കണ്ടെത്താൻ കഴിയുന്നില്ല.100 മുതൽ 150 വരെ കോഴികളുണ്ട് മിക്ക വീടുകളിലും.തൊളിക്കോടും കഴുതുരുട്ടിയിലുമാണ് മുട്ടയുടെ മാർക്കറ്റ് കണ്ടെത്തുന്നത്. ജീവ ഭയത്തിൽ ഇത്രയും ദൂരം താണ്ടി ചെന്നിട്ടും നാടൻ മുട്ടയ്‌ക്ക് ന്യായമായ വില കിട്ടുന്നില്ല. വിപണി കണ്ടെത്താൻ വണ്ടിക്കൂലി മുടക്കി യാത്ര ചെയ്യേണ്ടി വരുന്നതും കാലിതീറ്റയ്‌ക്കും കോഴിതീറ്റയ്‌ക്കും ഉയർന്ന വില കൊടുക്കേണ്ടി വരുന്നതും തിരിച്ചടിയാകുന്നു.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും പാലളക്കാൻ പോകുന്നതിനിടെയാണ് ക്ഷീരകർഷകർ വന്യമൃഗങ്ങളുടെ ആക്രമണത്തതിന് ഇരയായത്. പ്രാദേശികമായി മിൽമയുടെ ഒരു പാൽ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിപണിയില്ലാത്തതിനാൽ കൂടുതൽ പാൽ കിടാങ്ങൾക്ക് തന്നെ കൊടുക്കേണ്ടി വരുന്നു.

ശകുന്തള

സെക്രട്ടറി 2734 ാം നമ്പർ

എസ്.എൻ .ഡി .പി യോഗം ഫ്ലോറൻസ് ശാഖ

മിൽമ പ്രാദേശികമായി പാൽ സംഭരണ കേന്ദ്രം ആരംഭിക്കാൻ തയ്യാറാണ്. പക്ഷെ കെട്ടിടമാണ് പ്രശ്‌നം .പഞ്ചായത്തിന്റെ ഇടപെടലിൽ കെട്ടിടം കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നു.

എസ്.ജയരാജ്

വെഞ്ച്വർ വാർഡ് മെമ്പർ

ആര്യങ്കാവ് പഞ്ചായത്ത്