കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികൾ 11 മുതൽ തുറന്ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു. തൂത്തുക്കുടി പോർട്ടിൽ നിന്ന് ടാൻസാനിയ ഒറിജിൻ തോട്ടണ്ടി 8, 9 തീയതികളിലായി ഫാക്ടറികളിലെത്തും. തുടർന്ന് ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 12000 മെട്രിക്ക് ടൺ തോട്ടണ്ടി കൂടി എത്തുന്നതോടെ ഈ വർഷം തുടർച്ചയായി ജോലി നൽകാനാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ഓഫ് സീസണായതിനാൽ ലോകത്ത് എവിടെ നിന്നും തോട്ടണ്ടി ലഭ്യമാക്കുന്നതിന് കഴിയാത്ത സാഹചര്യമാണുള്ളത്. കൂലി വർദ്ധനവ് കൂടി പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ എല്ലാ തൊഴിലാളികളും കൃത്യമായി ജോലിക്ക് ഹാജരാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.