
കൊല്ലം: വേനൽ കടുത്തതോടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിൽ വെള്ളമില്ലാത്തത്തിനാൽ പെരിനാട് ഗ്രാമപഞ്ചായത്തിലെ സ്റ്റാർച്ച്മുക്ക് മുതൽ കൈതാക്കോടി വരെയുള്ള ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് നാലുമാസം. കൊടുംചൂടിൽ വീടുകളിലെ കിണറുകൾ വറ്റിയതും സ്ഥിതി രൂക്ഷമാക്കി. നാനൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
പെരിനാട് ഗ്രാമപഞ്ചായത്ത് ആഴ്ചയിൽ രണ്ടു തവണ കുടിവെള്ളം വിതരണം ചെയ്യുമെങ്കിലും ഒന്നിനും തികയാത്ത സ്ഥിതിയാണുള്ളത്. നാന്തിരിക്കലുള്ള വാട്ടർടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കുഴൽ കിണർ മണ്ണിടിഞ്ഞ് വീണ് മൂടിയതും മറ്റ് പമ്പുകൾ തകരാറായതുമാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നാട്ടുകാരെ അറിയിച്ചത്. കിണർ പുതിയത് കുഴിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ദിവസം അഞ്ഞൂറ് രൂപയോളം മുടക്കി കുടിവെള്ളം പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആഹാരം പാകം ചെയ്യാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ പോലും വെള്ളമില്ലാത്ത അവസ്ഥ.
കാശ് മൊത്തം 'വെള്ള'ത്തിൽ!
കൂലിപ്പണി ചെയ്തും മറ്രും കുടുംബം പോറ്റുന്നവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വെള്ളം വിലകൊടുത്ത് വാങ്ങുന്നതിലൂടെ ഉണ്ടാകുന്നത്. കിട്ടുന്ന തുച്ഛമായ വരുമാനം വെള്ളത്തിനു മുടക്കേണ്ട ഗതികേടായി. പെരിനാട് പഞ്ചായത്തിലെ ഐ.ടി.ഐ വാർഡിൽ കേബിൾ മുക്ക്- കോട്ടവിള റോഡ്, മുകളു വിള- കോന്നിക്കാരൻ വിള, തോട്ടുംകര -ചരുവിള, കേബിൾ മുക്ക്- മാമ്പുഴ റോഡ് എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്.
പെരിനാട് ഗ്രാമ പഞ്ചായത്തും വാട്ടർ അതോറിട്ടിയും അടിയന്തിരമായി ഇടപെട്ട് ടാപ്പുകളിലൂടെ ജലവിതരണം നടത്താൻ നടപടി സ്വീകരിക്കണം
ശിവൻ വേളിക്കാട്, പ്രസിഡന്റ്, ഗ്രന്ഥകൈരളി നഗർ റസി. അസോ.
കുഴൽകിണർ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുമാസത്തിനകം പണി പൂർത്തിയാക്കി പമ്പ് സ്ഥാപിച്ച് കമ്മിഷൻ ചെയ്യാനാണ് ശ്രമിക്കുന്നത്
വാട്ടർ അതോറിട്ടി അധികൃതർ