കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തി​ലെ പൊങ്കാല നാളെ നടക്കും. രാവിലെ 10ന് ക്ഷേത്രം മേൽശാന്തിയും ശബരിമല മുൻമേൽശാന്തിയുമായ ഇടമന ഇല്ലത്ത് എൻ. ബാലമുരളി ശ്രീകോവിലിൽ നിന്നു പ്രധാന നിലവിളക്കിലേക്ക് ദീപം പകരും. തുടർന്നു ക്ഷേത്രം വക പണ്ടാര അടുപ്പിൽ ഭദ്രദീപം തെളിക്കും.

കൊല്ലം പട്ടണത്തിന്റെ എല്ലാ ഭാഗങ്ങളിലും അടുപ്പുകൾ നി​രക്കും. അര ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 11.30 ഓടെ ക്ഷേത്രം പൊങ്കാലയും മഞ്ഞനീരാട്ടും നടത്തിയ ശേഷം 12ന് തീർത്ഥം തളിക്കും. കൊല്ലം നഗരത്തെ 50 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും 10 പുരുഷൻമാരും 5 വനി​തകളും പൊങ്കാലയി​ടുന്നവരെ സഹായി​ക്കും. ആരോഗ്യവകുപ്പ്, ജലഅതോറിട്ടി​, കൊല്ലം കോർപ്പറേഷൻ, പൊലീസ്, ആർ.പി.എഫ്, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സേവനവും ലഭിക്കും. പൊങ്കാലയ്ക്ക് ശേഷം വൈകിട്ട് 5ന് ദേവിയുടെ ശക്തികുംഭം എഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്ത് രാത്രി ഒന്നി​ന് ക്ഷേത്രത്തിൽ തിരിച്ച് എത്തിയശേഷം മംഗളകുരുതി തർപ്പണം നടക്കും. നാളെ രാവിലെ 7ന് പാൽക്കുടം എഴുന്നള്ളത്ത്, വൈകിട്ട് 7ന് ഭരതനാട്യം, 9ന് കഥകളി എന്നിവയുണ്ടാവും.

വാർത്താസമ്മേളനത്തിൽ പൊങ്കാല ആഘോഷസമിതി ചെയർപേഴ്‌സൺ ഡോ.പി. ഇന്ദിര തങ്കച്ചി, ജനറൽ കൺവീനർ ജി. സുരേഷ്ബാബു, ഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹൻ, സെക്രട്ടറി എൻ.എസ്. ഗിരീഷ്ബാബു, ട്രഷറർ എ.സുന്ദരേശ്‌ പൈ, സമിതി അംഗം എസ്. പ്രേംലാൽ എന്നിവർ പങ്കെടുത്തു.