കൊല്ലം: ഹരിതചട്ടം പാലിച്ച് ഇത്തവണ ചുവരെഴുതണമെങ്കിൽ മുന്നണികൾ കഴിഞ്ഞ തവണത്തെ ചെലവിന്റെ ഇരട്ടി മുടക്കേണ്ടിവരും. പെയിന്റുകൾക്കും പ്രൈമറുകൾക്കും വൻതോതിൽ വില വർദ്ധിച്ചതാണ് തിരിച്ചടിയായത്. ഫ്ളക്സുകൾ നിരോധിച്ചതും തുണി പ്രിന്റുകൾക്ക് വില കൂടിയതുമാണ് മുന്നണികളെ വീണ്ടും ചുവരെഴുത്തിലേയ്ക്ക് തിരിച്ചുവിട്ടത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുവരെഴുത്തിന് സ്ക്വയർ മീറ്ററിന് 70 രൂപയായിരുന്നെങ്കിൽ ഇന്ന് 120 മുതൽ 140 രൂപവരെ നൽകണം. നേരത്തെ ഒരു ബൂത്തിൽ ആറ്, ഏഴ് മതിലുകളിലാണ് ചുവരെഴുതിയിരുന്നതെങ്കിൽ ഇപ്പോഴത് പത്ത് മുതൽ 12 വരെയായി ഉയർന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ചുവരെഴുത്തുകാർക്കും നിന്നുതിരിയാൻ സമയമില്ല. വെള്ളപൂശാനുള്ള ജനതാ സെം പലയിടത്തും കിട്ടാതായതോടെ പകരം വിലകൂടിയ വെള്ള പ്രൈമറാണ് ഉപയോഗിക്കുന്നത്.
10 ലിറ്ററിന്റെ പ്രൈമറിന് കുറഞ്ഞത് 1200 രൂപയാണ് വില. നേരത്തെ 700 രൂപയായിരുന്നു. വെള്ള പൂശുന്നവർക്ക് 1000 മുതൽ 1200 രൂപവരെയാണ് തച്ച്. മതിലിന്റെ വലുപ്പം അനുസരിച്ച് ചുവരെഴുതുന്നതിന്റെ കൂലിയും കൂടും. ഒരു മതിൽ വെള്ളയടിച്ച് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും വരയ്ക്കണമെങ്കിൽ കുറഞ്ഞത് 3000 രൂപ ചെലവാകും. ഇതിനൊപ്പം മറ്റ് ചെലവുകൾ കൂടിയാകുമ്പോൾ മുന്നണികളുടെ നെട്ടോട്ടം കംഭച്ചൂടും തോൽക്കും.
വിലയും കുംഭച്ചൂടും വില്ലൻ
ഫ്ളൂറസെന്റ് പെയിന്റുകൾക്ക് വില വർദ്ധിച്ചു
ഇടത് സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്നത് പച്ച ഒഴികെയുള്ള നിറങ്ങൾ
യു.ഡി.എഫും ബി.ജെ.പിയും എല്ലാനിറങ്ങളും ഉപയോഗിക്കും
ചുവരെഴുതുന്നത് രണ്ടുപേർ ചേർന്ന്
ഒരാൾ അക്ഷരങ്ങളുടെ ഔട്ട് ലൈൻ വരയ്ക്കും സഹായി നിറം പകരും
ചുവരെഴുത്ത് കൂലിയും വർദ്ധിച്ചു
ഒരു ചുവരെഴുതാൻ വേണ്ടിവരുന്നത്
- 30- 45 മിനിറ്റ്
ചെലവ് ₹ 3000
രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് ചുവരെഴുതുന്നത്. ഒരു ദിവസം 20മുതൽ 30വരെ ചുവരെഴുതും. വില വർദ്ധിച്ചതിനാൽ ശിവകാശിയിൽ നിന്നാണ് പെയിന്റ് എത്തിക്കുന്നത്.
ഹരി കാമിയോ, ചുവരെഴുത്തുകാരൻ