ആദ്യഘട്ടം കൊല്ലം കോർപ്പറേഷനിൽ
കൊല്ലം: വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച ക്വിക്ക് സെർവ് പദ്ധതിയുടെ, ജില്ലയിലെ ആദ്യഘട്ടം കൊല്ലം കോർപ്പറേഷനിൽ നടപ്പാക്കും. ജില്ലയിലെ മുഴുവൻ നഗരസഭകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വീട്ടുജോലി, ഗൃഹ ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഗൃഹ ശുചീകണം ഉൾപ്പെടെയുള്ള സേവനങ്ങൾ, കാർ വാഷ് എന്നിവ ഉൾപ്പെടും. നാളെയാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം.
നഗരസഭ സി.ഡി.എസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷൻ കോഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റി ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. പരിശീലനം ലഭിച്ച എല്ലാ ക്വിക്ക് സെർവ് സേവകർക്കും തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തഘട്ടങ്ങളിൽ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവയും രൂപീകരിക്കും.
നിയന്ത്രണം അർബൻ സർവീസ് ടീമിന്
മൂന്ന് മുതൽ എട്ടുപേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമായിരിക്കും ക്വിക്ക് സെർവിന്റെ നടത്തിപ്പ് ചുമതല
കുടുംബശ്രീ നഗര സി.ഡി.എസിൽ അംഗങ്ങളായവർക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടീം രൂപീകരിക്കാം
ഗ്രൂപ്പ് സംരംഭമായാണ് ടീം സി.ഡി.എസിൽ രജിസ്റ്റർ ചെയ്യേണ്ടത്
ക്വിക്ക് സെർവിൽ സേവനങ്ങൾ ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കുകയാണ് അർബൻ സർവീസ് ടീമിന്റെ അടുത്ത ജോലി
രജിസ്റ്റർ ചെയ്തവർക്ക് അഞ്ച് ദിവസം പരിശീലനം
സേവനങ്ങൾ ആവശ്യമുള്ളവർ അതത് നഗരസഭകളിലെ അർബൻ സർവീസ് ടീമിനെ ബന്ധപ്പെടാം. നിശ്ചിത ഫീസ് അടയ്ക്കണം. ഒരു നഗരസഭ പരിധിയിൽ ഒരു അർബൻ സർവീസ് ടീമായിരിക്കും ഉണ്ടാവുക.
കുടുംബശ്രീ അധികൃതർ