
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരുകോടി രൂപയുടെ ഗ്രാന്റ്. സാധാരണഗതിയിൽ പുതിയ സ്ഥാപനങ്ങൾക്ക് ആദ്യബാച്ച് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ധനസഹായം ലഭിക്കുക. പക്ഷേ, കഴിഞ്ഞ ആഗസ്റ്റിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.എം മുബാറക് പാഷ യു.ജി.സി ക്ക് സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പുവർഷത്തെ ഗ്രാന്റിൽ യൂണിവേഴ്സിറ്റിയെ ഉൾപ്പെടുത്തിയത്. പത്ത് ഓപ്പൺ യൂണിവേഴ്സിറ്റികളെയാണ് ഇത്തവണ ഈ ഗ്രാന്റിന് തിരഞ്ഞെടുത്തത്. യു.ജി.സി തുക യൂണിവേഴ്സിറ്റിക്ക് നേരിട്ട് നൽകും. പഠനസാമഗ്രികളുടെ വികസനം, കമ്പ്യൂട്ടർവത്ക്കരണം, വെർച്വൽ സ്റ്റുഡിയോ, ക്വാളിറ്റി അഷ്വറൻസ് പ്രവർത്തനങ്ങൾ എന്നിവയാണ് ഗ്രാന്റിന്റെ പരിധിയിൽ വരിക.