കരുനാഗപ്പള്ളി : ആലപ്പാട്ട് അരയന്മാർ ആണ്ടുതോറും നടത്തിവരുന്ന ചെങ്ങന്നൂർ മഹാശിവരാത്രി ആഘോഷവും ചരിത്ര പ്രസിദ്ധമായ പരിശം വെയ്പ്പ് ചടങ്ങും നാളെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ഭക്തിഗാനസുധ, പരിശുവെപ്പ് എന്നിവ നടക്കും. ഘോഷയാത്ര നാളെ രാവിലെ 6ന് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേതാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ സി.ആർ.മഹേഷ്, പി. സി.വിഷ്ണുനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാത്രി 9 മുതൽ ഭക്തിഗാന സുധ, എഴുന്നള്ളത്ത് എന്നിവ നടക്കും. പുലർച്ചെ 2 മുതൽ ചരിത്രപ്രസിദ്ധമായ പരിശം വെപ്പ് കർമ്മവും നടക്കും.ഈ വർഷം ആലപ്പാട് സുബ്രഹ്മണ്യവിലാസം കരയോഗത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വാർത്താസമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് പി.വിഭു, സെക്രട്ടറി എം.മോഹൻലാൽ, ബി.പ്രിയകുമാർ എന്നിവർ പങ്കെടുത്തു.