 
കരുനാഗപ്പള്ളി: വേനൽ കുടുത്തതോടെ കരുനാഗപ്പള്ളിയുടെ തീരങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി കായൽ തീരങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. കിണറുകളും കുളങ്ങളും വറ്റി വരണ്ടു. പള്ളിക്കലാറിന്റെയും കൊതുമുക്ക് വട്ടക്കായലിന്റെയും പശ്ചിമതീര കനാലിന്റെയും വശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. കരുനാഗപ്പള്ളി നഗരസഭയിൽ നിന്ന് ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളമാണ് ഇപ്പോൾ ഇവർക്ക് ഏക ആശ്രയം. എല്ലാ ദിവസവും പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം യഥാസമയം എത്തിക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല.
പൈപ്പ് വെള്ളം ആശ്രയം
കായൽ തീരങ്ങളിലെ മണ്ണിന് ഉപ്പ് രസം ഉള്ളതിനാൽ ഇവിടെ കിണറുകൾ കുഴിക്കാൻ കഴിയില്ല. ഇവിടങ്ങളിലെ ആളുകൾ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആഹാരം പാകം ചെയ്യുന്നതിനും അലക്കുന്നതിനും കുളിക്കുന്നതിനും പൈപ്പ് വെള്ളമാണ് ആശ്രയം. കായൽ തീരങ്ങളിൽ വല്ലപ്പോഴും മാത്രമാണ് പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തുന്നത്. മിക്കപ്പോഴും അർദ്ധ രാത്രിക്ക് ശേഷമായിരിക്കും വെള്ളമെത്തുക. നാട്ടുകാർ കുടങ്ങളുമായി പൈപ്പിൻ ചുവട്ടിൽ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്.
കുഴൽ കിണറുകൾ സജ്ജമാക്കണം
ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ് കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട് എന്നിവടിങ്ങളിൽ കുടിവെള്ളം ലഭിക്കുന്നത്. മാവേലിക്കര കണ്ടിയൂർ കടവിൽ നിന്ന് വെള്ളം ഓച്ചിറ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ഇവിടെ ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. പമ്പിംഗ് സ്റ്റേഷനിൽ വൈദ്യുതി തടസമോ, മറ്റ് സാങ്കേതിക തകരാറോ സംഭവിച്ചാൽ കുടിവെള്ള വിതരണം മുടങ്ങും.
ഓച്ചിറ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെ പ്രവർത്തന സജ്ജമായിരുന്ന കുഴൽ കിണറുകൾ വാട്ടർ അതോറിട്ടി അടച്ച് പൂട്ടിയതാണ് അപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. കുഴൽ കിണറുകളിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് ലൈനിൽ എത്തുന്നതോടെ വെള്ളത്തിന്റെ അളവ് കൂടുകയും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുകയും ചെയ്യും. കണ്ടിയൂർകടവിലെ പമ്പിംഗ് സ്റ്റേഷന് തകരാറ് സംഭവിച്ചാലും കുഴൽ കിണറുകൾ സജ്ജമായിരുന്നെങ്കിൽ കുടിവെള്ള ക്ഷാമം ഉണ്ടാകില്ലൊണ് നാട്ടുകാർ പറയുത്.