photo

 തയാറാകുന്നത് 9.35 കോടി രൂപയുടെ വികസന പദ്ധതി

കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിയുടെ ദുരിത കാലം ഒഴിയുന്നു. 9.35 കോടി രൂപയുടെ വികസന പദ്ധതിയാണ് ആശുപത്രിക്കുവേണ്ടി തയ്യാറാകുന്നത്. നാല് നിലകളിലായി 23,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കും. മുപ്പതുപേർക്കുള്ള കിടത്തി ചികിത്സാ സംവിധാനമാണ് പ്രധാനമായും സജ്ജമാക്കുക. ഇതോടെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയായി മാറും. നാഷണൽ ആയുഷ് മിഷൻ കേരള തയ്യാറാക്കിയ വിസന പദ്ധതിരേഖക്ക് ഭരണാനുമതി ലഭിച്ചു.


അടിസ്ഥാന സൗകര്യങ്ങളില്ല

കൊട്ടാരക്കര നഗരസഭ പരിധിയിലാണെങ്കിലും നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി ഭാഗത്ത് കൊല്ലം- തിരുമംഗലം ദേശീയ പാതയുടെ സമീപത്താണ് ഗവ.ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിൽ നിന്നുള്ള രോഗികൾ ചികിത്സ തേടി എത്താറുണ്ട്. ഒരുദിവസം ശരാശരി 150 മുകളിൽ ഒ.പി നടക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടം തിരിയുകയായിരുന്നു ആശുപത്രി. 1.47 ഏക്കർ ഭൂമിയാണ് ആശുപത്രിക്കുള്ളത്. കിടത്തി ചികിത്സാ സംവിധാനമുണ്ടായിട്ടും രാത്രികാലങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടായിരുന്നു. പഴയ കെട്ടിടങ്ങളിൽ പ്രവർത്തനം തീർത്തും വീർപ്പുമുട്ടിയ വേളയിലാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രി സന്ദർശിച്ച് വികസന പദ്ധതികൾക്ക് രൂപം നൽകിയത്.

പുതിയ കെട്ടിടത്തിൽ

 പുരുഷ-വനിതാ വാർഡുകൾ

 പേ വാർഡ്

 ചീഫ് മെഡിക്കൽ ഓഫീസർക്കുള്ള ഓഫീസ് മുറി

 അഞ്ച് കൺസൾട്ടൻസി മുറികൾ

 ഫാർമസി

 രജിസ്ട്രേഷൻ വിഭാഗം

 അഡ്മിനിസ്ട്രേഷൻ വിഭാഗം ഓഫീസ്

 നഴ്സസ് ഡ്യൂട്ടി റൂം

 മെഡിക്കൽ റെക്കാർഡ്സ് റൂം

 കാത്തിരിപ്പ് കേന്ദ്രങ്ങൾ

 മരുന്ന് സംഭരണ മുറി

 ലബോറട്ടറികൾ

 ഫിസിയോ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ റൂം

 പുരുഷ- വനിതാ തെറാപ്പി മുറികൾ

 പേ വാർഡുകൾക്കുള്ള തെറാപ്പി മുറികൾ

 സ്റ്റീം ബാത്ത് റൂം

 നഴ്സസ് സ്റ്റേഷൻ

 ഡോക്ടേഴ്സ് ഡ്യൂട്ടി റൂം

 യോഗ ഹാൾ

 ഫീഡിംഗ് റൂം

 അടുക്കള

 ഡൈനിംഗ് ഏരിയ

 സ്റ്റോർ റൂം

 ബാൽക്കണി

 ടൊയ്ലറ്റ്

" കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിയുടെ മുഖച്ഛായ മാറും. കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും വരുന്നതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാകും. വിവിധ ഇടങ്ങളിൽ നിന്നുള്ള രോഗികൾക്ക് പ്രയോജനപ്പെടും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും"-

കെ.എൻ.ബാലഗോപാൽ, മന്ത്രി