 
പുത്തൂർ: തലമുറകൾ ആടിയും പാടിയും നാടകം കളിച്ചും ആഘോഷമാക്കിയ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയം ഇനി ഓർമ്മയിലേക്ക്. സ്കൂൾ വികസന പദ്ധതികളുടെ ഭാഗമായി ഓഡിറ്റോറിയം പൊളിച്ചു നീക്കും. 1896ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ഓഡിറ്റോറിയത്തിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മുൻ മുഖ്യമന്ത്രി ആർ.ശങ്കറടക്കം പഠിച്ച വിദ്യാലയത്തിലെ ഈ ഓഡിറ്റോറിയത്തിൽ നിന്ന് കലാലോകത്തിന്റെ നെറുകയിലെത്തിയവർ ഏറെയാണ്. സ്കൂൾ യുവജനോത്സവത്തിനും ഉപജില്ലാ, ജില്ലാ കലോത്സവങ്ങൾക്കും സ്കൂൾ വാർഷികത്തിനും മറ്റ് പരിപാടികൾക്കുമെല്ലാം ഉപകരിച്ചിരുന്നതാണ് ഓടുമേഞ്ഞ ഓഡിറ്റോറിയം.
ഹൈടെക് വികസനം
മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് സ്കൂളിന്റെ വികസനത്തിനായി 3.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ഹൈടെക് ലാബുകൾ എന്നിവയടക്കം ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. സ്കൂൾ കെട്ടിടം, പ്രവേശന കവാടം എന്നിവയടക്കം മുമ്പ് ചെറുതും വലുതുമായ നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടേക്ക് എത്തിയിരുന്നു.