പുനലൂർ: കുംഭച്ചൂട് കാടിനെയും ചുട്ടുപൊള്ളിച്ച് വറ്റിവരണ്ടതോടെ നാട്ടിലേയ്ക്ക് കുടിയേറി വന്യമൃഗങ്ങൾ. തോട്ടം മേഖലയിൽ കാട്ടാനകൾക്ക് പുറമെ പുലി, പന്നി, കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമായി. ടാപ്പിംഗ് തൊഴിലാളികളാണ് കടുത്ത ആശങ്ക നേരിടുന്നത്.
ആര്യങ്കാവ് പഞ്ചായത്തിന് പുറമെ തെന്മല, കുളത്തൂപ്പുഴ മേഖലകളിലും വന്യമൃഗശല്യം രൂക്ഷമാണ്. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട്, ആനച്ചാടി, അരണ്ടൽ, ഇരുളൻകാട്, വെഞ്ച്വർ, മാമ്പഴത്തറ, നെടുംമ്പാറ, ഫ്ലോറൻസ്, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ്, ഇടപ്പാളയം, ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ അയ്യപ്പൻകാന, നേതാജി, ഒറ്റയ്ക്കൽ റെയിൽവേ സ്റ്റേഷൻ, ഐഷപാലം എന്നിവിടങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അമ്പനാട് എസ്റ്റേറ്റിലെ പത്ത് ഹെക്ടർ ഭൂമിയിൽ നിന്ന 4000 റബർ മരങ്ങളാണ് കാട്ടാനകൾ കുത്തിമറിച്ചത്. രാത്രികാലങ്ങളിൽ തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് സമീപം തമ്പടിക്കുന്ന കാട്ടാനകൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. വേനൽ രൂക്ഷമായതോടെ ജലാശയങ്ങൾ തേടിയെത്തുന്ന കാട്ടുമൃഗങ്ങൾ എസ്റ്റേറ്റ് മേഖലകളിൽ ഭീതി പരത്തുകയാണെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസം അരണ്ടലിൽ തോട്ടം തൊഴിലാളിയായ അഭിലാഷ് സഞ്ചരിച്ചിരുന്ന ജീപ്പിന് മുന്നിൽ കാട്ടാന ചാടിയത് ഭീതി പരത്തിയിരുന്നു. ഇടപ്പാളയം പള്ളിമുക്കിലെ റെയിൽവേ ട്രാക്കിന് സമീപത്ത് കഴിഞ്ഞ് ദിവസം ഇറങ്ങിയ കാട്ടാന ഭൂ ഉടമയുടെ മതിൽ തകർത്ത് മരച്ചീനി കൃഷികളും നശിപ്പിച്ചു.
വേനലിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വനമേഖകളിലെ നീർച്ചാലുകളും മറ്റും വറ്റിവരണ്ടതും കാട്ടുമൃഗങ്ങൾ വനവാസമേഖലകളിലിറങ്ങാൻ മുഖ്യകാരണമായി.
ചക്ക തേടി കാട്ടാനകൾ
ഇടപ്പളയത്ത് കാട്ടാനകൾ നാട്ടിലിറങ്ങുന്നത് ചക്ക തിന്നാൻ
ഇതുകാരണം പ്ലാവുകളുടെ ശിഖരങ്ങൾ മുറിച്ച് നാട്ടുകാർ
ചൂട് രൂക്ഷമായതോടെ കാട്ടാനകൾ കൂട്ടത്തോടെ തെന്മല പരപ്പാർ അണക്കെട്ടിലെത്തുന്നു
വനമേഖലകളിൽ ആഹാരം ലഭിക്കാതായി
ജനവാസ മേഖലയിൽ ഇറങ്ങുന്നത് ആന, പുലി, പന്നി, കുരങ്ങ്
മത്സരിച്ച് കാട്ടാനയും കടുവയും
എസ്റ്റേറ്റ് മേഖലയിൽ മേയാൻ വിടുന്ന പശുക്കളെയും ആടുകളെയുമാണ് കൂടുതലായും പുലി പിടികൂടുന്നത്. ലയങ്ങളോട് ചേർന്ന തൊഴുത്തിലെ വളർത്തുമൃഗങ്ങളെയും പുലി പിടികൂടുന്നുണ്ട്. അമ്പനാട്, മാമ്പഴത്തറ, കുറവൻതാവളം, വെഞ്ച്വർ, 27മല, ഒറ്റക്കൽ, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന - പുലി ശല്യം രൂക്ഷം. പുനലൂർ-ചെങ്കോട്ട റെയിൽവേ ട്രാക്കും കടന്നാണ് കാട്ടുപന്നികൾ ജനവാസ മേഖലകളിലെത്തുന്നത്.
വനാതിർത്തിയോട് ചേർന്ന് ജനവാസ മേഖലകളിൽ സൗരോർജ്ജ വൈദ്യുതി വേലികൾ സ്ഥാപിക്കാത്തതാണ് വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം.
പ്രദേശവാസികൾ