കൊല്ലം: മാലി ദ്വീപിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചതായി മാലിയിലെ ഇന്ത്യൻ ഹൈകമ്മിഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.
മത്സ്യബന്ധന ബോട്ട് മാലിയിലെ ധോണിധൂവിൽ നങ്കൂരമിട്ടിട്ടുണ്ടെന്നും ബോട്ട് മാൽദീവ്‌സ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ കസ്റ്റഡിയിലാണെന്നും എംബസി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. മത്സ്യബന്ധന ബോട്ടും തൊഴിലാളികളെയും മോചിപ്പിക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്.
കേരളത്തിൽ നിന്ന് കൃഷ്ണൻകുട്ടി, കന്യാകുമാരിയിൽ നിന്ന് ജയരാജ് ദാസൻ, അറോക്യ വിനിസ്റ്റൺ വിൻസന്റ്, ആൻറോ എഡിസൺ അൽഫോൺസ്, ജസ്റ്റിൻ ബാബു അരുളപ്പൻ, ധാസൻ ഗപ്പാരിയേൽ, വെസ്റ്റ് ബംഗാളിൽ നിന്ന് ബിപ്ലാബ് ദാസ്, ശിബരഞ്ജൻ ദാസ്, രാജൻ ദാസ്, നേപൽ ദാസ് എന്നിവരാണ് ബോട്ടിലുള്ളതെന്നും ഹൈകമ്മിഷൻ ഉദ്യോഗസ്ഥർ എം.പിയെ അറിയിച്ചു.