കൊല്ലം: വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾക്കൊപ്പം ഡെങ്കിപ്പനിക്കെതിരെയും മുൻകരുതൽ സ്വീകരിക്കണമെന്ന് അരോഗ്യവകുപ്പ്. വേനൽക്കാലത്ത് വലിച്ചെറിയുന്ന ഒഴിഞ്ഞ കുപ്പികളിൽ വെള്ളം കെട്ടിനിറുത്തി കൊതുക് പെരുകാനിടയാക്കരുത്. ഒഴിഞ്ഞപാത്രങ്ങളുടെ സംസ്‌കരണത്തിന് പ്രാധാന്യം നൽകുന്ന ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ഡ്രൈവ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും മഴക്കാലത്തിന് മുമ്പ് നടത്തും.

ബോട്ടുകളിൽ മൂടിയില്ലാതെ കിടക്കുന്ന ജലസംഭരണികൾ, വശങ്ങളിൽ കെട്ടിയിരിക്കുന്ന ടയറുകൾ, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
വേനൽക്കാലത്ത് ജലദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ പാത്രങ്ങളിൽ പിടിച്ചുവച്ചിരിക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടാനുള്ള സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ വെള്ളം പിടിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കണം

ശ്രദ്ധിക്കാൻ

വീടിനുള്ളിലെ ചെടിച്ചട്ടികൾ, പൂച്ചെട്ടികളുടെ അടിയിലെ പാത്രം, ഫ്രിഡ്ജുകളുടെ ട്രേ, സൺഷെയ്ഡ്, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അലങ്കാരച്ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം ഇടയ്ക്കിടെ മാറണം.

ഡെങ്കിപ്പനിക്ക് സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുള്ളവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തണം. ശരിയായ വിശ്രമവും വേണം.

ഡി.എം.ഒ