18 ശമാനം പലിശ സഹിതം അടയ്ക്കണം

കൊല്ലം: സ്കൂൾ സൊസൈറ്റികളിൽ വിറ്റഴിക്കാതെ കിടന്ന പാഠപുസ്തകങ്ങളുടെയും വിറ്റുപോയവയുടെയും വില കുടിശ്ശികയ്ക്ക് 18 ശതമാനം പലിശ ഏർപ്പെടുത്തിയത്, സൊസൈറ്റി പ്രസിഡന്റായ പ്രഥമാദ്ധ്യാപകരെയും സെക്രട്ടറിയുടെ ചുമതലയുള്ള അദ്ധ്യാപക പ്രതിനിധികളെയും കടക്കെണിയിലാക്കുന്നു. 2010 മുതൽ അടയ്ക്കേണ്ട കുടിശ്ശിക തുക പലിശയുൾപ്പെടെ ഒരു ലക്ഷത്തോളം വരും. ഇതടച്ചില്ലെങ്കിൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെ തടഞ്ഞു വയ്ക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ധ്യാപകർ പറയുന്നു. എല്ലാ ബാദ്ധ്യതയും ഇപ്പോൾ സർവീസിലുള്ളവരുടെ തലയിലായി.

ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിലയാണ് സ്കൂളുകളിൽ നിന്ന് ട്രഷറിയിൽ അടയ്ക്കേണ്ടത്. പലിശയടക്കം ഇരട്ടിയോളം രൂപ അടയ്ക്കേണ്ട അവസ്ഥയാണിപ്പോൾ. കുടിശ്ശികയുള്ള സ്കൂളുകളിൽ നിന്ന് കഴിഞ്ഞ വർഷം വിറ്റഴിച്ച പുസ്തകങ്ങളുടെ തുക ട്രഷറിയിൽ അടച്ചിരുന്നു. എന്നാൽ സ്കൂളിന്റെ അനുമതിയില്ലാതെ ഈ തുക പൊതു വിദ്യാഭ്യാസ വകുപ്പ് കുടിശ്ശികയിനത്തിൽ വകയിരുത്തി. വിൽപ്പന നടക്കാത്ത പുസ്തകങ്ങൾ തിരികെ വിദ്യാഭ്യാസ ഓഫീസിൽ കൊടുത്ത് രസീത് വാങ്ങിയവർക്ക് ഇളവ് ലഭ്യമായെങ്കിലും ഇങ്ങനെ ചെയ്തവർ വളരെ കുറവാണ്.

മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച് 2010 മുതലാണ് സ്കൂൾ സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ തുടങ്ങിയത്. 2010 ലെ സർക്കാർ ഉത്തരവ് അനുസരിച്ച്, സർക്കാരിൽ നിന്ന് മുൻകൂർ വാങ്ങുന്ന പണം തിരിച്ചടയ്ക്കുമ്പോൾ 18 ശതമാനം പലിശ കൂടി അടയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങളുടെ കുടിശ്ശികയും നിശ്ചയിച്ചിരിക്കുന്നത്.

പരാതികൾക്ക് ഫലമില്ല

2019ലാണ് സംസ്ഥാന പുസ്തക ഓഫീസ് ഓഡിറ്റിംഗ് തുടങ്ങിയത്. തുടർന്ന് 2010 മുതലുള്ള കണക്കുകൾ പരിശോധിച്ച് കുടിശ്ശിക ഉള്ളവർക്ക് കത്ത് നൽകിത്തുടങ്ങി. വിരമിക്കാറായ അദ്ധ്യാപകർക്ക് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും വിധമുള്ള പലിശ ഒഴിവാക്കണമെന്ന് അദ്ധ്യാപക സംഘനകൾ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. കൂടാതെ നവകേരള സദസിലും ഇതു സംബന്ധിച്ച് നിവേദനം നൽകി. എന്നാൽ ഇതുവരെയും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ.

മുൻകാലങ്ങളിലെ ബാദ്ധ്യത അതത് എച്ച്.എമ്മുമാരുടെ പക്കൽ നിന്നു ഈടാക്കണം. ഇപ്പോൾ വിരമിക്കുന്ന എച്ച്.എമ്മുമാർക്ക് അവരുടെ കാലയളവിലെ മാത്രം തുക ഈടാക്കി പിഴ പലിശ ഒഴിവാക്കി പരിഹാരം കാണണം

ഹെഡ്മാസ്റ്റർമാർ