
കൊല്ലം: അവശനിലയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. ഇളമ്പള്ളൂർ, കോവിൽമുക്ക് ലേഖാഭവനിൽ സൂരജ് രവിയുടെ (39) മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കഴിഞ്ഞ 25നാണ് സുരജ് രവിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ തുടരവേ നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾ തകരാറിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ വയറ്റിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രി 11 ഓടെ സൂരജ് രവി മരിച്ചു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ബന്ധുക്കളിൽ നിന്നടക്കം വിവരങ്ങൾ ആരായാനാണ് പൊലീസിന്റെ തീരുമാനം. മദ്യത്തിൽ പലപ്പോഴായി കീടനാശിനി ചെറിയ അളവിൽ കലർത്തി നൽകിയെന്ന സംശയമാണ് പൊലീസിനുള്ളത്. സൂരജ് രവിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയയ്ക്കും.