ps-supal

പി.എസ്. സുപാൽ

സി.പി.ഐ ജില്ലാ സെക്രട്ടറി

പാർലെമന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചവെയിൽ പോലെ തിളച്ചുതുടങ്ങി. കൊല്ലം പാർലമെന്റ് മണ്ഡലത്തിന് പുറമേ കരുനാഗപ്പള്ളി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു. മൂന്നിടങ്ങളിലും മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ആവേശത്തോടെ ആദ്യഘട്ട പ്രചരണത്തിലാണ്. ഈ ഘട്ടത്തിൽ പ്രമുഖ പാർട്ടികളുടെ നേതാക്കൾ സംസാരിക്കുന്നു.

നിയമസഭ സീറ്റുകളിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫ് നേടിയിട്ടും കൊല്ലം, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിൽ തുടർച്ചയായി പരാജയപ്പെടുന്നത് ?​

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ഇ​ട​തുവി​രു​ദ്ധ അ​ന്ത​ർ​ദ്ധാ​ര സ​ജീ​വ​മാ​ക്കാനും ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം സാദ്ധ്യമാക്കാനും വലതുപക്ഷത്തിന് കഴിഞ്ഞതുകൊണ്ടാണ് പരാജയം സംഭവിച്ചത്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനമടക്കം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. രാഹുൽഗാന്ധി വയനാട് മത്സരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും പ്രതികൂലമായി ബാധിച്ചു. യു.ഡി.എഫിന് ഇക്കാര്യങ്ങൾ അനുകൂലമായി വന്നു. എന്നാൽ ഇത്തവണ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന തരത്തിലാണ് ജനങ്ങളുടെ പ്രതികരണം.

എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്ന പ്രചാരണ വിഷയങ്ങൾ?

വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമാണ് പ്രധാനമായും ഇടതുപക്ഷം നടത്തുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പി ഭരണകൂടം അധികാരത്തിൽ നിന്ന് ഇറങ്ങണം .മതേതരജനാധിപത്യ മൂല്യങ്ങൾ ഉയ‌ർത്തിപ്പിടിക്കുന്ന സർക്കാർ തിരിച്ചുവരണം. കേരളത്തിന്റെ വികസനം സാദ്ധ്യമാകണമെങ്കിൽ ബി.ജെ.പി ഇതര സർക്കാർ അധികാരത്തിൽ വരണം. ഇതിന് ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ ജയിക്കണം. കൂടാതെ ജില്ലയുടെ സമഗ്ര വികസനം നടപ്പാക്കുക എന്ന ലക്ഷ്യം കൂടി എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

നിലവിലെ കൊല്ലം, മാവേലിക്കര എം.പിമാരെക്കുറിച്ച് ?

രണ്ടിടത്തും പുതിയ സംരംഭങ്ങൾ തുടങ്ങാൻ നിലവിലെ എം.പിമാർക്ക് കഴിഞ്ഞിട്ടില്ല. തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജില്ലയുടെ വികസനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇരുവരും ഒരുപാട് ബുദ്ധിമുട്ടുകയാണ്. ഫണ്ട് വിനിയോഗത്തിൽ പോലും വ്യക്തമായ രാഷ്ട്രീയ വിവേചനം കാണാം.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുമോ?

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇടത് സർക്കാ‌ർ പരിശ്രമിക്കുന്നത്. ജനങ്ങളുടെ കൂടെ നിൽക്കുന്ന ഇടത് സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ പടച്ചുവിട്ടാലും അതൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോകില്ല. കേന്ദ്രസർക്കാരിന്റെ നടപടികളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അത് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണ്.

ഇടതും വലതും ഒന്നാണെന്ന ബി.ജെ.പി പ്രചരണത്തെപ്പറ്റി?

ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ കേന്ദ്രത്തിൽ ഇടത്- വലതുപക്ഷ പാർട്ടികൾക്ക് കൈകോർക്കേണ്ടി വന്നിട്ടുണ്ട്. അത് നൂറുശതമാനം ഇത്തവണ വിജയം കാണുമെന്ന് ഉറപ്പാണ്. എന്നാൽ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം വ്യത്യസ്തമാണ്. കേരളം ബി.ജെ.പിക്ക് വേരുറപ്പിക്കാൻ മാത്രം വളക്കൂറുള്ള മണ്ണല്ല. കേരളത്തിൽ ഇടതുപക്ഷത്തിന് മാത്രമേ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിച്ച് ജനങ്ങളെ ഒന്നിച്ച് നിറുത്താൻ സാധിക്കുള്ളു. ഇവിടെ ഇടതും വലതും രണ്ട് തന്നെയാണ്. അത് ജനങ്ങൾക്കും ബോദ്ധ്യമുണ്ട്.