മലപ്പുറത്ത് ലാത്തിച്ചാർജ്
തിരുവനന്തപുരത്ത് വീട്ടമ്മ കുഴഞ്ഞുവീണു
കൊല്ലം/തിരുവനന്തപുരം: ഒരു ദിവസം ഒരു ആർ.ടി ഓഫീസ് 50 പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന ഗതാഗത മന്ത്രിയുടെ വിചിത്ര പരിഷ്കാരം വൻപ്രതിഷേധത്തത്തെ തുടർന്ന് പിൻവലിച്ചു. ബുധനാഴ്ച രാത്രി ഇറക്കിയ നിർദ്ദേശം ഇന്നലെ രാവിലെ 11.30ന് പിൻവലിച്ച് തലയൂരി. ടെസ്റ്റ് 8 മുതൽ വൈകിട്ട് 5വരെ തുടരും.
തിരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന് കണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. ടെസ്റ്റ് എണ്ണം കുറച്ചത് നിലവാരം കൂട്ടാനെന്നായിരുന്നു വിശദീകരണം.
നിലവിൽ ജില്ലാ കേന്ദ്രങ്ങളിൽ 180, താലൂക്ക് കേന്ദ്രങ്ങളിൽ 120, സബ് സെന്ററുകളിൽ 60 പേർക്കുവീതമാണ് ഒരു ദിവസം ടെസ്റ്റ്. ഇത് ആദ്യം അൻപതും പിന്നീട് മുപ്പതുമാക്കാനായിരുന്നു തീരുമാനം. 80 കേന്ദ്രങ്ങളിലായി ആഴ്ചയിൽ 4 ദിവസമാണ് ടെസ്റ്റ്.
നേരത്തേ അറിയിപ്പ് ലഭിച്ചവരെല്ലാം കേരളമൊട്ടാകെ ഇന്നലെ രാവിലെ ടെസ്റ്റിനെത്തി. ക്യൂവിലെ ആദ്യ 50 പേർക്കേ ടെസ്റ്റ് നടത്തുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് പുതിയ പരിഷ്കാരം അവരറിയുന്നത്. ഇതോടെ കൂട്ടബഹളമായി. ടെസ്റ്റ് തടഞ്ഞു. ഡ്രൈവിംഗ് സ്കൂളുകാരും രാഷ്ട്രീയ പ്രവർത്തകരും ഒപ്പം ചേർന്നതോടെ കാര്യങ്ങൾ കൈവിട്ടു. പലയിടത്തും പൊലീസിന്റെ സഹായം തേടേണ്ടിവന്നു. മലപ്പുറത്ത് ലാത്തിച്ചാർജ്ജിലും കൊല്ലത്ത് ഉദ്യോഗസ്ഥരും ടെസ്റ്റിനെത്തിയവരും തമ്മിൽ കൈയാങ്കളിയിലും കാര്യങ്ങളെത്തി. തിരുവനന്തപുരത്ത് മുട്ടത്തറയിൽ മകൾക്കൊപ്പമെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു. ആലപ്പുഴയിലും കോഴിക്കോട്ടും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി മന്ത്രി ഗണേശ്‌കുമാറിന്റെ കോലം കത്തിച്ചു.
പ്രതിഷേധം സംസ്ഥാന വ്യാപകമായതോടെ സ്പോട്ട് ബുക്കിംഗ് നടത്തിയവർക്കെല്ലാം ടെസ്റ്റ് നടത്താൻ മന്ത്രി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ യോഗത്തിലുയർന്ന നിർദ്ദേശം ആരോ ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയതാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി ഇന്നലെ പറഞ്ഞു. എന്തായാലും രാവിലെ എട്ടിന് തുടങ്ങേണ്ട ടെസ്റ്റ് 11.30 ഓടെ ആരംഭിച്ചു. വന്നവർക്കെല്ലാം ടെസ്റ്റും നടത്തി.
ഇപ്പോൾ തന്നെ
3 മാസം കാക്കണം
ഒരു എം.വി.ഐയും എ.എം.വി.ഐയും അടങ്ങുന്ന മൂന്ന് ടീമാണ് ജില്ലാ കേന്ദ്രത്തിൽ ടെസ്റ്റ് നടത്തുക
ജില്ലാ കേന്ദ്രങ്ങളിൽ ഒരു ദിവസം ലഭിക്കുന്നത് ഇരുന്നൂറിന് മുകളിൽ അപേക്ഷകൾ
ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് മൂന്നും നാലും മാസം കഴിഞ്ഞാണ് ടെസ്റ്റിന് അവസരം കിട്ടുന്നത്
മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കിയാൽ ലൈസൻസിനായി ആറ് മാസത്തിലേറെ കാത്തിരിക്കേണ്ടിവരും. ഇത് വിദേശത്തടക്കം ജോലിക്ക് പോകുന്നവരെ പ്രതിസന്ധിയിലാക്കും
മോട്ടോർ വാഹന വകുപ്പ്
ഉദ്യോഗസ്ഥർ
ആറു മിനിട്ടിൽ ഡ്രൈവിംഗ് കഴിവ് വിലയിരുത്തുന്ന പരിശോധന അംഗീകരിക്കില്ല. ഉദ്യോഗസ്ഥരുൾപ്പെട്ട വലിയ കോക്കസാണ് പിന്നിൽ. ആളെ കൊല്ലാനുള്ള ലൈസൻസാണ് കൊടുക്കുന്നത്
കെ.ബി. ഗണേശ്‌കുമാർ,
ഗതാഗത മന്ത്രി