ഓടനാവട്ടം: പൂയപ്പള്ളി സെൻട്രൽ വഴി കടന്നുപോകുന്ന അക്വിഡക്ട് കാലപ്പഴക്കാത്താൽ ജീർണിച്ച്
അപകടാവസ്ഥയിലായിട്ട് നാളുകളായി. വെള്ളം നിറഞ്ഞൊഴുകുന്ന അക്വിഡക്ട് തകർന്നുവീണേക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നാല്പതു വർഷത്തോളം പഴക്കം വരുന്ന ഈ കനാൽ അക്വിഡക്ടിൽ അറ്റകുറ്റപ്പണികൾ നടത്താതെ വീണ്ടും വെള്ളം തുറന്നുവിട്ടതാണ് ആശങ്കകൾക്ക് കാരണം.
മുന്നൂറ് മീറ്ററിലധികം ദൂരമുള്ള അക്വിഡക്ടിന്റെ മിക്കഭാഗങ്ങളിലും സിമന്റ് ഇളകി ദ്രവിച്ച കമ്പികൾ
പുറത്തു വന്നിരിക്കുകയാണ്. അതുവഴി വെള്ളം പുറത്തേയ്ക്കൊഴുകി കൊണ്ടിരിക്കുന്നു. ആൽമരം ഉൾപ്പടെയുള്ള കാടുകൾ വളർന്നും വിള്ളുകൾ ഉണ്ടായിട്ടുണ്ട്.
നടപടിയെടുക്കൂ, ദുരന്തം ഒഴിവാക്കൂ
അക്വിഡക്ടിന് വെള്ളം താങ്ങാനുള്ള ശേഷിയില്ല. ഫില്ലറുകളിൽ ഉണ്ടായ വിളലുകളിൽ കൂടി പോലും വെള്ളം പുറത്തുചാടുന്നുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വീടുകളുമൊക്കെ ഈ അക്വിഡക്ടിന് സമീപത്തുണ്ട്. യാത്രക്കാർ വാഹനങ്ങൾക്ക്
കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പും മാർക്കറ്റും ഇതിന് കീഴ് വശത്താണ്.
അക്വിഡക്ടിന് തകർച്ച ഉണ്ടായാൽ ഉണ്ടാകാവുന്ന ദുരന്തം ചെറുതായിരിക്കില്ല.
അടിയന്തര നടപടി ഇല്ലെങ്കിൽ കെ.ഐ.പി ഓഫീസ് ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.