പാലങ്ങളിലും റോഡിന്റെ വശങ്ങളിലും മണ്ണ് അടിഞ്ഞുകൂടുന്നത് അപകടക്കെണിയാകുന്നു
അഞ്ചാലുംമൂട്: കാവനാട്- മേവറം ബൈപ്പാസിലെ (എൻ.എച്ച് 66) പാലങ്ങളിലും റോഡിന്റെ വശങ്ങളിലും മണ്ണ് അടിഞ്ഞുകൂടുന്നത് അപകടക്കെണിയാകുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ബൈപ്പാസിലൂടെ കടന്ന് പോകുന്നത്. പാലങ്ങളിലും റോഡിന്റെ വശങ്ങളിലും മണ്ണ് നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരടക്കം റോഡിന് മദ്ധ്യഭാഗത്തുകൂടി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ സഞ്ചരിക്കുമ്പോൾ എതിർദിശയിൽ നിന്ന് ഓവർടേക്ക് ചെയ്ത് വരുന്ന വാഹനങ്ങൾ മദ്ധ്യഭാഗത്ത് കൂടി സഞ്ചരിക്കുന്ന വാഹനങ്ങളെ ഇടിക്കുന്നതും അപകടമുണ്ടാകുന്നതും പതിവായിരിക്കുകയാണ്.
മൺകൂനകളിൽ തട്ടി അപകടം 
കടവൂർ -മങ്ങാട് പാലത്തിലാണ് ഏറ്റവും അധികം മണ്ണ് അടിഞ്ഞ് കിടക്കുന്നത്. പാലത്തിന്റെ പലഭാഗത്തും ചെറിയ മൺകൂനകളും രൂപപ്പെട്ടിട്ടുണ്ട്. മൺകൂനകളിൽ തട്ടി ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണും നിരവധി അപകടങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 20ലേറെ അപകടങ്ങളാണുണ്ടായത്. രാത്രികാലങ്ങളിലാണ് അപകടങ്ങളേറെയും. മതിയായ വെളിച്ചമില്ലാത്തതിനാൽ പാലത്തിലൂടെ നടന്ന് പോകുന്നവരെ വാഹനങ്ങൾ ഇടിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
കാരണം റോഡ് നിർമ്മാണം
ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് മണ്ണ് പാലത്തിലും റോഡിന്റെ വശങ്ങളിലും അടിഞ്ഞുകൂടുന്നതെന്നാണ് ബൈപ്പാസ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. പലതവണ ബൈപ്പാസ് നിർമ്മാണ കമ്പനി അധികൃതരോട് ഡിവിഷൻ കൗൺസിലറും പൊലീസും ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും പാലത്തിലെ മണ്ണ് നീക്കാൻ തയ്യാറായിട്ടില്ല. എത്രയും വേഗം പാലങ്ങളിലെ മണ്ണ് നീക്കി അപകട സാദ്ധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.