 ജില്ലയിൽ വ്യാപക പ്രതിഷേധം

കൊല്ലം: പെട്ടെന്ന് നടപ്പാക്കിയ പരിഷ്കാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലും ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് മൂന്നര മണിക്കൂർ സ്തംഭിച്ചു. പതിനൊന്നരയോടെ പരിഷ്കാരം പിൻവലിച്ചതായുള്ള മന്ത്രിയുടെ പ്രഖ്യാപനമെത്തിയതോടെയാണ് ടെസ്റ്റ് പുനരാരംഭിച്ചത്.

കൊല്ലം ആശ്രാമം മൈതാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ പതിവ് പോലെ 150ന് മുകളിൽ ആളുകളെത്തി. രാവിലെ എട്ടോടെ ക്യൂവിലെ ആദ്യത്തെ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തുവെന്ന് പറഞ്ഞതോടെ പ്രതിഷേധം തുടങ്ങി. ബാക്കിയുള്ളവർക്ക് എന്ന് നടത്തുമെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടി മുട്ടിയതോടെ പ്രതിഷേധം കനത്തു. ടെസ്റ്റിന് എത്തിയവർക്ക് പുറമേ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്കുതർക്കം രൂക്ഷമായി. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചക്കാരും പ്രതിഷേധവുമായെത്തി. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. പരിഷ്കാരം പിൻവലിച്ചതായുള്ള മന്ത്രിയുടെ പ്രഖ്യാപനം വരുന്നത് വരെ പ്രതിഷേധം നീണ്ടു.

ആർ.ടി.ഒയെ തടഞ്ഞ് യുവമോർച്ച

പെട്ടെന്നുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ആശ്രാമം മൈതാനത്ത് യുവമോർച്ച പ്രവർത്തകർ ആർ.ടി.ഒയെ തടഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം,​ ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ, ബി.ജെ.പി കൊല്ലം മണ്ഡലം സെക്രട്ടറി ഷിബു, യുവമോർച്ച മീഡിയ കൺവീനർ വിഷ്ണു, ബി.ജെ.പി ടൗൺ ഏരിയ ജനറൽ സെക്രട്ടറി ശിവപ്രസാദ്, മഹിള മോർച്ച ജില്ലാ സെക്രട്ടറി ചെറുപുഷ്പം, ബി.ജെ.പി കടപ്പാക്കട ഏരിയ ജനറൽ സെക്രട്ടറി പ്രഭീൻ, രാജേഷ്, രേക്ഷ്മി, ടി.എ.ബാബു, എന്നിവർ നേതൃത്വം നൽകി.

മൂന്ന് മണിക്കൂർ സമരവുമായി കോൺഗ്രസ്

ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരെ മടക്കിയയയ്ക്കുന്നത് അറിഞ്ഞ് എട്ടരയോടെ എത്തിയ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം മൂന്ന് മണിക്കൂർ തുടർന്നു. അഴിമതി നടത്താനാണ് മന്ത്രി ഗണേശ് കുമാർ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. ഡി.ഗീതാകൃഷ്ണൻ, ജി.കെ.പിള്ള, മീര രാജീവ്‌, അഡ്വ. സന്തോഷ്‌ ഉളിയക്കോവിൽ, രാജേഷ് കുമാർ. അഡ്വ. ഉളിയകോവിൽ രാജേഷ്, ശിവപ്രസാദ്, അമർദത്ത്, താജഹാൻ, വിജയൻ പിള്ള, ജയന്തി, ജോയ്, സുദർശൻ താമരക്കുളം, അഫ്സൽ സുബൈർ, ഷാനവാസ്‌, രാജീവ്‌, കെ.കെ.ശ്രീകൃഷ്ണ, സജിത്ത് ഗോപിദാസ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സർക്കാർ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പെട്ടെന്നുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരോട് ടെസ്റ്റ് നടക്കില്ലെന്ന് പറഞ്ഞത് ന്യായീകരിക്കാനാവില്ല

വിനോദ് ഭാസ്കരൻ,​

കാരവൻ ഡ്രൈവിംഗ് സ്കൂൾ