
പുനലൂർ: വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ കുത്തേറ്റ് സുഹൃത്തായ യുവാവ് മരിച്ചു. പ്രതിയെ തെന്മല പൊലീസ് കസ്റ്റഡിലെടുത്തു. ഇടമൺ 34ൽ മണൽവാരി ഈട്ടിമൂട്ടിൽ വീട്ടിൽ വിവേക് വിക്രമനാണ് (24) മരിച്ചത്. പ്രതി ഇടമൺ പുലരി ജംഗ്ഷനിൽ കല്ലുപറമ്പിൽ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ സുനാമി സജീവ് എന്ന് വിളിക്കുന്ന സജീവിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11 ഓടെ ഇടമൺ 34ലെ ഹൈപ്പർ മാർക്കറ്റിന് മുന്നിൽ മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിയുടെ മകനും മരിച്ച വിവേകും തമ്മിൽ നാല് വർഷം മുമ്പ് തർക്കമുണ്ടായിരുന്നുവെന്ന് തെന്മല സി.ഐ പറഞ്ഞു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മരിച്ച വിവേക് പ്രതിയെ മർദ്ദിക്കുകയും ചെയ്തെന്ന് സി.ഐ പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ ശേഷം പ്രതി വീണ്ടും ഇടമൺ 34ൽ എത്തി. വീണ്ടും രണ്ടും പേരും തമ്മിൽ പിടയും വലിയും കൂടുന്നത് കണ്ട് നാട്ടുകാർ പിടിച്ച് മാറ്റി വിട്ടെങ്കിലും പ്രതി യുവാവിനെ കുത്തിപരിക്കേൽപ്പിച്ചെന്ന് പൊലിസ് പറഞ്ഞു. തുടർന്ന് നാട്ടുകാർ പുനലൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ യുവാവ് മരിച്ചു. മരിച്ച വിവേകിന്റെ പിതാവ് പരേതനായ വിക്രമൻ. മാതാവ് ലീന. സഹോദരൻ: വിപിൻ.