കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കലോത്സവം​​ 9, 10 തീയതികളിൽ ശ്രീനാരായണഗുരു സാംസ്​കാരിക സമുച്ചയത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി.എം.മുബാറക്പാഷ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. ഒമ്പത് വേദികളിൽ 93 മത്സരയിനങ്ങളിലായി ഓപ്പൺ സർവകലാശാലയുടെ 23 പഠനകേന്ദ്രങ്ങളിലെ 4000 ത്തിൽപരം പഠിതാക്കൾ പങ്കെടുക്കും. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് കലാപ്രതിഭ, കലാതിലകം പുരസ്​കാരങ്ങൾ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പഠന കേന്ദ്രത്തിന് ഓവറാൾ ട്രോഫി സമ്മാനിക്കും. ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കേറ്റും ലഭിക്കും. 26 വയസിൽ താഴെയുള്ള വിജയികൾക്ക് ഇന്റർ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലിന് ഓപ്പൺ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. 10ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമ്മാനദാന സമ്മേളനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ.ദേവീദാസ് എന്നിവർ പങ്കെടുക്കും. പ്രൊ വൈസ് ചാൻസിലർ ഡോ. എസ്.വി.സുധീർ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. ബിജു.കെ.മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ഗ്രേഷ്യസ് ജെയിംസ്, രജിസ്ട്രാർ ഡോ. ഡിംപി.വി.ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. സി.ഉദയകല, ഡോ. കെ.ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.