കൊട്ടാരക്കര: കേരളത്തിൽ കാൻസർ രോഗികൾക്ക് സർക്കാർ നൽകി വരുന്ന കാൻസർ പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കാൻസർ രോഗികൾക്ക് നാലു മാസത്തെ പെൻഷനാണ് മിക്ക താലൂക്കുകളിലും നൽകാനുള്ളത്. തുടർ ചികിത്സക്ക് പോകുന്നതിനും മരുന്നിനും നിർദ്ധനരായ രോഗികൾക്ക് പെൻഷൻ തുകയാണ് ആശ്വാസമാകുന്നത്. കാൻസർ പെൻഷൻ ലഭിക്കാത്തതിനാൽ രോഗികൾ വളരെയധികം ബുദ്ധിമുട്ടുന്നു. ഈ സാഹചര്യം മനസിലാക്കി എത്രയും വേഗം കാൻസർ പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യ മന്ത്രിക്കും ധനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.