കുളത്തൂപ്പുഴ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം പുലർച്ചയോടെ കുളത്തൂപ്പുഴ മിൽപ്പാലം ചോഴിയക്കോട് പഞ്ചായത്ത് റോഡിൽ നിന്ന് പ്രധാന പാതയായ മലയോര ഹൈവേയിൽ എത്തിച്ചേരുന്നതിനിടെയാണ് പത്രവിതരണ ഏജന്റായ ചോഴിയക്കോട് സ്വദേശി സിബീഷിന് നേരെ കാട്ടുപോത്ത് പാഞ്ഞടുത്തത്.
കാട്ടുപോത്തിനെ കണ്ട് ഭയന്ന സിബീഷ് വാഹനം ഉപേക്ഷിച്ച് അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. ഇരുപതോളം വരുന്ന കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുളത്തൂപ്പുഴയിൽ മൂന്നുപേർക്കാണ് കാട്ടുപോത്തിന്റെ ആക്രമണം നേരിട്ടത്.
വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് കൂത്തുപ്പുഴ വനം റേഞ്ച് ഓഫീസർ അരുൺ, മൈലംമൂട്,ശങ്കിലി തുടങ്ങിയ സെക്ഷൻ ഓഫീസർമാരായ അനിൽകുമാർ,അജിത് കുമാർ എന്നിവർസ്ഥലം സന്ദർശിച്ചു.
ജനവാസ മേഖലയിൽ എത്തിച്ചേരുന്ന വന്യമൃഗങ്ങൾക്കെതിരെ കിടങ്ങുകളും മറ്റും തീർത്ത് അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അധികാരികൾ നാട്ടുകാരോട് പറഞ്ഞു.