കുണ്ടറ: ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ മുഴുവൻ ചികിത്സാരേഖകളുമായി തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഡോക്ടർക്ക് നിർദ്ദേശം നൽകി പൊലീസ്.

ഇളമ്പള്ളൂർ കോവിൽ മുക്ക് ലേഖഭവനിൽ സൂരജ് (39) മരിച്ച സംഭവത്തിലാണ് ഡോക്ടർക്ക് പൊലീസ് നിർദ്ദേശം നൽകിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിൽ ആന്തരികാവയവയങ്ങൾ തകരാറിലായതായി കണ്ടെത്തിയിരുന്നു.

രക്തപരിശോധനയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് ആശുപത്രി രേഖകളിലുള്ളത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നശേഷം റിപ്പോർട്ട് നൽകാമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ സർക്കാർ ലാബിലാണ് പരിശോധനയക്കായി അയച്ചിരിക്കുന്നത്. ഫലം വരാൻ മൂന്ന് മാസം സമയമെടുക്കും. കേസിൽ അടുത്ത ദിവസം മുതൽ അന്വേഷണം ആരംഭിക്കുമെങ്കിലും പരിശോധന ഫലം വന്ന ശേഷമേ തുടർനടപടികൾ സ്വീകരിക്കുവെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.

സൂരജിനെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴും പരിശോധനയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയപ്പോഴോ വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. മരണശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്.

സൂരജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കുണ്ടറ പൊലീസിൽ പരാതി നൽകി. ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രി 11നാണ് സൂരജ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടത്തി.