കൊല്ലം: വേനലിൽ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ആവർത്തിക്കുമ്പോഴും ജില്ലയിൽ ഫയ‌ർ ഹൈഡ്രന്റ് സംവിധാനമില്ലാതെ അഗ്നിശമനസേന വിയർക്കുന്നു.

തീപിടിത്ത സാദ്ധ്യത കൂടുതലുള്ള ഭാഗങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്നിരിക്കെയാണ് ജില്ലയിൽ ഒരിടത്തും ഹൈഡ്രന്റുകൾ ഇല്ലാത്തത്. ചെറിയ തീപിടിത്തം ഉണ്ടായാൽ പോലും കുറഞ്ഞത് 10,000 ലീറ്റർ വെള്ളമെങ്കിലും വേണ്ടിവരും. കഴി‌ഞ്ഞദിവസം തൃക്കോവിൽവട്ടം ചെന്താപ്പൂരിലുണ്ടായ തീപിടിത്തത്തിൽ 50,000 ലീറ്ററിലധികം വെള്ളമാണ് വേണ്ടിവന്നത്. തീപിടിത്തമുണ്ടായാൽ കെടുത്തുന്നതിന് മുമ്പ് തന്നെ ചിലപ്പോൾ വാഹനങ്ങളിലെ വെള്ളം തീരാറുണ്ട്. വെള്ളം തീരുന്നതിനനുസരിച്ച് വീണ്ടും നിറയ്ക്കുന്നതിനാണ് ഫയ‌ർ ഹൈഡ്രന്റുകൾ സഹായിക്കുന്നത്. നിലവിൽ ജില്ലയിലെ അഗ്നിശമനസേനയ്ക്ക് ആവശ്യമായ ജലലഭ്യത ഉണ്ടെങ്കിലും വേനൽ കൂടുതൽ ശക്തമാകുമ്പോൾ ജലക്ഷാമത്തിനുള്ള സാദ്ധ്യത വർദ്ധിക്കും. ജില്ലയിലെ പ്രധാന ടൗണുകളിലും മറ്റും ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ദുരന്തനിവാരണ അതോറിറ്റിയാണ് പണം ചെലവഴിക്കുന്നത്. ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്.

ജില്ലയിൽ ഒരിടത്തും ഫയ‌ർ ഹൈഡ്രന്റില്ല

 ഫയർ എൻജിനുകളിൽ വളരെവേഗം വെള്ളം നിറയ്ക്കാനുള്ള സംവിധാനമാണ് ഫയർ ഹൈഡ്രന്റ്

 വാട്ടർ അതോറിറ്റിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ ‌മറ്റ് ജലസ്രോതസുകളിൽ നിന്നോ ആണ് വെള്ളം ലഭ്യമാക്കുക

 വേഗത്തിൽ വെള്ളം ശേഖരിക്കാൻ ഭൂമിക്ക് മുകളിൽ പ്രത്യേകം വാൽവുകളും ഘടിപ്പിച്ചിരിക്കും

 ഫയർ ഹൈഡ്രന്റിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാനും കഴിയും

 വലിയ തീപിടിത്തം ഉണ്ടായാൽ ജലക്ഷാമം ഉണ്ടാകില്ല

 സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്താനാകും

 അഗ്നിശമനസേനയുടെ വാഹനങ്ങളിൽ അടിയ്ക്കടി വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കാം

ജില്ലയിൽ ഫയർ സ്റ്റേഷനുകൾ

 കടപ്പാക്കട  ചാമക്കട  പരവൂർ  കുണ്ടറ  പുനലൂർ  കടയ്ക്കൽ  ശാസ്താംകോട്ട  കരുനാഗപ്പള്ളി  കൊട്ടാരക്കര  പത്തനാപുരം  ചവറ

ജില്ലയിൽ ഫയർ ഹൈഡ്രന്റുകൾ അത്യാവശ്യമാണ്. വേനൽകാലത്ത് ഫയർ ഹൈഡ്രന്റുകളുടെ ഉപയോഗം വളരെ വലുതാണ്. അടിയന്തരമായി പ്രതിസന്ധിക്ക് പരിഹാരം കാണണം.

അഗ്നിശമന സേന ഉദ്യോഗസ്ഥർ