xp

തഴവ: 'മുണ്ടും ജൂബയുമിട്ട് റോസാപ്പൂവുമായി ഞങ്ങൾ കാത്തിരുന്നു. എന്നിട്ടും, ടി.വിയിൽ കാണുന്ന അപ്പൂപ്പൻ വരാതിരുന്നത് വിഷമമായി...'

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് ഏറ്റിരുന്ന വിദ്യാഭ്യാസ മന്ത്രി വരാതിരുന്നതിൽ പരിഭവപ്പെട്ട് ഒന്നാം ക്ലാസുകാരൻ ദേവനാഥ് എഴുതിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുലശേഖരപുരം കുറുപ്പള്ളി വെൽഫെയർ എൽ.പി സ്കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ 4ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നിർവഹിക്കേണ്ടിയിരുന്നതാണ്. സ്കൂളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മന്ത്രിയെ സ്വീകരിക്കാൻ കുട്ടികളും തയ്യാറായി. പക്ഷേ, മന്ത്രിക്ക് എത്തിച്ചേരാനായില്ല.

കഴിഞ്ഞ ദിവസം സ്കൂളിൽ കത്ത് തയ്യാറാക്കുന്ന വിധം പഠിപ്പിച്ച ക്ലാസ് ടീച്ചർ പരിശീലനത്തിനായി കുട്ടികളെക്കൊണ്ട് കത്തെഴുതിച്ചപ്പോഴാണ് ദേവനാഥ് സങ്കടം നിരത്തി കത്തെഴുതിയത്. ടി.വിയിൽ കാണുന്ന മന്ത്രി അപ്പൂപ്പനെ നേരിൽ കാണാനുള്ള ആഗ്രഹവും വരാതിരുന്നപ്പോഴുണ്ടായ സങ്കടവുമൊക്കെ വ്യക്തമാക്കുന്ന കത്ത് സ്കൂൾ ഗ്രൂപ്പിൽ ടീച്ചർ പോസ്റ്റ് ചെയ്തു. പിന്നീട് മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളി വന്നപ്പോഴാണ് കത്ത് വൈറലായത് എല്ലാവരും അറിയുന്നത്. കുലശേഖരപുരം കുറുങ്ങപ്പള്ളി പുത്തൻവീട്ടിൽ പ്രസന്നൻപിള്ളയുടേയും ശ്രീലേഖയുടേയും മകനാണ് ദേവനാഥ്.