കൊല്ലം: കൊല്ലം- തിരുമംഗലം പാതയിലെയും പള്ളിമുക്ക്- മുളവന റോഡിലെയും ഗതാഗത പ്രതിസന്ധിക്ക് ആശ്വാസം നൽകുന്ന കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണ ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് നൽകാൻ ധാരണയായെങ്കിലും ഉത്തരവ് വൈകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ ഭരണാനുമതി ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞമാസം 26ന് പ്രധാനമന്ത്രി രാജ്യത്തെ വിവിധ റെയിൽവേ പദ്ധതികൾക്കൊപ്പം ഓൺലൈനായി പള്ളിമുക്ക് ആർ.ഒ.ബിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചിരുന്നു.
സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഏജൻസിയാണ് ആർ.ഒ.ബിയുടെ രൂപരേഖ തയ്യാറാക്കേണ്ടത്. വിശദ രൂപരേഖയ്ക്ക് പുറമേ റെയിൽവേ ലൈനിന്റെ മുകൾ ഭാഗത്തു വരുന്ന ജി.എ.ഡിക്ക് (ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ്) റെയിൽവേയുടെ പ്രത്യേക അനുമതിയും വാങ്ങണം. ഒരു പതിറ്റാണ്ട് മുമ്പ് പള്ളിമുക്ക് ആർ.ഒ.ബി നിർമ്മാണം റെയിൽവേയുടെ പിങ്ക് ബുക്കിൽ ഉൾപ്പെട്ടതിന് പിന്നാലെ ആർ.ബി.ഡി.സി.കെയെ സംസ്ഥാന സർക്കാർ നിർവഹണ ഏജൻസിയായി നിയോഗിച്ചിരുന്നു. അന്ന് തയ്യാറാക്കിയ രൂപരേഖയിൽപ്പെടുന്ന ജി.എ.ഡിക്ക് 2017ൽ റെയിൽവേ അനുമതി നൽകി. പിന്നീട് കൊല്ലം- തിരുമംഗലം പാതയുടെ വികസനത്തിനായി രണ്ട് പദ്ധതികളിൽ ആർ.ഒ.ബികളും ഉൾപ്പെടുത്തിയതോടെ നേരത്തെയുള്ള പദ്ധതി ഉപേക്ഷിച്ചു.
കുണ്ടറ പള്ളിമുക്ക് ഉൾപ്പെടുന്ന കൊല്ലം- തിരുമംഗലം പാത പത്തര മീറ്ററിൽ വികസിപ്പിക്കാൻ നിലവിൽ ദേശീയപാത അതോറിട്ടിക്ക് പദ്ധതിയുണ്ട്. അതിനാൽ ചുമതല ആർ.ബി.ഡി.സി.കെയ്ക്ക് ലഭിച്ചാലും പഴയ രൂപരേഖയുമായി മുന്നോട്ടുപോകാനാകില്ല. പുതിയ ജി.എ.ഡി തയ്യാറാക്കി വീണ്ടും റെയിൽവേയുടെ അനുമതി വാങ്ങേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ നടപടികൾ ഇഴയുംതോറും പള്ളിമുക്കിൽ ദുരിതവും നീളും.
സ്തംഭനം 21 തവണ വരെ!
നാട്ടുകാരുടെ കണക്ക് പ്രകാരം 15 തവണ പകൽ ഉൾപ്പെടെ, ദിവസം 21 തവണയാണ് പള്ളിമുക്ക് ഗേറ്റ് അടയ്ക്കുന്നത്. ഓരോ തവണയും ട്രെയിൻ കടന്നുപോകുന്നതിന് പത്ത് മിനിറ്റ് മുമ്പേ ഗേറ്റ് അടയ്ക്കും. ഗേറ്റ് തുറന്നാലും കുരുക്കഴിയാൻ കുറഞ്ഞത് കാൽ മണിക്കൂറെങ്കിലും വേണം.