കൊല്ലം: ഓൾ കേരള ട്രേഡ് ഇൻസ്ട്രക്ട്രേഴ്‌സ് ആൻഡ് ട്രേഡ്സ്മാൻ ഓർഗനൈസേഷന്റെ (എ.കെ.ടി.ഒ) 32-ാമത് സംസ്ഥാന സമ്മേളനം ഇന്ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റ് എസ്.ബിജു പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജനറൽ സെക്രട്ടറി ജി.സൂരജ് 2023-24ലെ റിപ്പോർട്ടും സംസ്ഥാന ട്രഷറർ വി.പി.എൽദോസ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന എ.കെ.ടി.ഒ അംഗങ്ങൾക്ക് ഉപഹാരം നൽകും. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സിനിമാട്ടോഗ്രാഫർ സിനു സിദ്ധാർത്ഥിന് നൽകും. ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ സമ്മേളനത്തിന് സമാപനമാകും.
പത്രസമ്മേളനത്തിൽ എസ്.ബിജു, ജി.സൂരജ്, നൈസാം കരിക്കോട്, അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.