കൊല്ലം: ജോലിക്കൊപ്പം വിനോദങ്ങളിലും ഏർപ്പെടാൻ കഴിയുന്ന വർക്കേഷൻ (വർക്കിംഗ് വെക്കേഷൻ) സംവിധാനം വൈകാതെ കുണ്ടറ ടെക്നോപാർക്കിൽ ആരംഭിക്കും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) അനുമതി ലഭിക്കുന്നതോടെ വർക്കേഷൻ പ്രവർത്തനമാരംഭിക്കും.
കുണ്ടറയിൽ അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്‌നോപാർക്കിലെ അത്യാധുനിക സൗകര്യങ്ങളുള്ള കാമ്പസിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ടചർ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വർക്കേഷൻ ആശയം പ്രാവർത്തികമാകുന്നതോടെ ടെക്‌നോപാർക്ക് കൊല്ലം കാമ്പസിന് പുറത്തുള്ള ഐ.ടി, ഐ.ടി ഇതര കമ്പനികൾക്കും കാമ്പസിലെ സൗകര്യങ്ങൾ ഒരു നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാം.
വർക്കേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ആംഫി തിയേറ്റർ, കളിസ്ഥലം, ഗസ്റ്റ് ഹൗസ്, ലേഡീസ് ഹോസ്റ്റൽ, ക്ലബ് ഹൗസ് തുടങ്ങിയവ കാമ്പസിൽ പുതുതായി സ്ഥാപിക്കും. ടെക്‌നോപാർക്ക് ഫേസ് ഫൈവ് എന്ന് അറിയപ്പെടുന്ന കുണ്ടറ ടെക്‌നോപാർക്കിലെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അഷ്ടമുടി കെട്ടിടത്തിന് ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഏഴ് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഐ.ടി കെട്ടിടത്തിൽ ഏകദേശം 350 ജീവനക്കാരുള്ള 15 ഐ.ടി/ ഐ.ടി ഇതര കമ്പനികളാണ് പ്രവർത്തിക്കുന്നത്. 27 സ്മാർട്ട് ബിസിനസ് സെന്ററുകളാണ് കെട്ടിടത്തിന്റെ ആദ്യത്തെ മൂന്ന് നിലകളിലുള്ളത്. നാലു മുതൽ ആറു വരെയുള്ള നിലകളിൽ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഓഫീസ് സ്ഥലവും ലഭ്യമാകും. ഏഴാമത്തെ നില ഭക്ഷണത്തിനും വിനോദത്തിനുമുള്ളതാണ്.
വർക്കേഷനിൽ എന്തൊക്കെ?
കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ്
എയർപോർട്ടുകളിലേതിന് സമാനമായ അടിസ്ഥാന സൗകര്യം
സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം
വിനോദ സഞ്ചാരത്തിന് ഗൈഡ്
വിളിപ്പുറത്ത് സഹായികൾ
വർക്കേഷൻ മോഡൽ നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കുണ്ടറ ടെക്‌നോപാർക്ക്. മനോഹരമായ പ്രകൃതിക്ക് പുറമെ ആരോഗ്യകരമായ ചുറ്റുപാടും മികച്ച ഗതാഗത സൗകര്യവും കുണ്ടറ ടെക്നോപാർക്കിന്റെ പ്രത്യേകതയാണ്.
റിട്ട. കേണൽ സഞ്ജീവ് നായർ (സി.ഇ.ഒ)