കൊല്ലം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം വാടി കാർമ്മൽ കോട്ടേജ് പനമുട്ട് പുരയിടത്തിൽ ആന്റണി മാക്‌സ്‌വെല്ലിന്റെ മകൻ പാറ്റ് നിബിൻ മാക്‌സ്‌വെലിന്റെ (31) സംസ്കാരം ഇന്ന് വൈകിട്ട് 4ന് വാടി പള്ളിയിൽ നടക്കും.
ഇന്നലെ വൈകിട്ട് ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കൊല്ലം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 1ന് ഭൗതികദേഹം വാടിയിലെ വീട്ടിലെത്തിക്കുമെന്ന് നിബിന്റെ പിതാവ് ആന്റണി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്രയേലിൽ ലെബനീസ് തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നിബിൻ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വടക്കൻ അതിർത്തിയും കൃഷി പ്രദേശവുമായ ഗലീലി മേഖലയിലെ മൊഷാവിലാണ് മിസൈൽ പതിച്ചത്. നിബിൻ ഉൾപ്പെടെ നിരവധി മലയാളികളാണ് ഇവിടെയുള്ള കോഴി ഫാമിൽ ജോലി ചെയ്തിരുന്നത്. നിബിന് പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും ഇസ്രയേലിലെ എമിറേറ്റ്സ് ബാങ്ക് ജീവനക്കാരനായ സഹോദരൻ നിവിൻ മാക്‌സ്‌വെലാണ് വീട്ടുകാരെ അറിയിച്ചത്. ഷാർജയിൽ മാൻപവർ സപ്ലൈ കമ്പനിയിലായിരുന്ന നിബിൻ ഇസ്രയേൽ വിസ ലഭിച്ചതിനെ തുടർന്ന് ആ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സഹോദരനൊപ്പം ഇസ്രയേലിലേക്ക് പോവുകയുമായിരുന്നു.