കൊല്ലം: ബാർ കൗണ്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതികൾ പൊലീസ് പിടിയിലായി. തഴുത്തല മണിമന്ദിരത്തിൽ വിപിൻ (27), തഴുത്തല, ചിറക്കര പുത്തൻ വീട്ടിൽ വിശാഖ് (26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് 6 ഓടെ കൊട്ടിയത്തെ ബാറിലെത്തിയ പ്രതികൾ മദ്യപിച്ച് ബഹളം വയ്ക്കുകയും ഗ്ലാസുകൾ പൊട്ടിക്കുകയുമുണ്ടായി. തുടർന്ന് ജീവനക്കാർ ഇവരെ ബാറിൽ നിന്ന് പുറത്താക്കി. ഇതിൽ പ്രകോപിതരായി രാത്രി 8 ഓടെ പെട്രോൾ നിറച്ച കുപ്പിയുമായി ബാറിലെത്തി. കൗണ്ടറിൽ ജോലി ചെയ്തുകൊണ്ടിരുന്ന നന്ദുവിന്റെയും ലിബിന്റെയും നേർക്ക് പെട്രോൾ വീശി ഒഴിച്ചതിനുശേഷം തീ കത്തിക്കുകയായിരുന്നു. ജീവനക്കാർ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും പ്രിന്ററുകളും പണവും മറ്റു ഉപകരണങ്ങളും അടക്കം രണ്ട് ലക്ഷത്തിന് മുകളിൽ നാശനഷ്ടമുണ്ടായി.
കൊട്ടിയം ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുനിൽ, വിൽസൺ, സുരേഷ്, സി.പി.ഒ വിപിൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.