asha-k-remanan

കൊല്ലം: ഹൃദയമിടിപ്പിലെ താളപ്പിഴ സ്റ്റെതസ്‌കോപ്പിലൂടെ തിരിച്ചറിഞ്ഞ് ഡോക്ടർമാരെ അറിയിച്ച് 34 കുട്ടികളെ ജീവിതത്തിലേക്ക് തിരികെപ്പിടിച്ച ആശ കെ.രമണൻ എല്ലാവർക്കും മാലാഖയാണ്.

രാഷ്ട്രീയ ബാലസ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതി പ്രകാരം കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ആശ. 2015ലാണ് ജോലിയിൽ പ്രവേശിച്ചത്. കുത്തിവയ്പ്പെടുക്കാൻ വരുന്ന കുട്ടികളെ സ്‌ക്രീനിംഗിന്റെ ഭാഗമായി പരിശോധിച്ചാണ് ഹൃദയ സംബന്ധമായ താളപ്പിഴകൾ കണ്ടെത്തിയത്. ആശ നൽകിയ സൂചനകൾ ഒരുപാട് കുരുന്നുകളെ പലവിധ ഹൃദ്രോഗങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ നിന്ന് രക്ഷിച്ചു.

സാധാരണ സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് മർമ്മറിംഗ് (ഹൃദയമിഡിപ്പിലെ വൃതിയാനം) മനസിലാക്കി അസുഖം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇതാണ് ആശ എന്ന നഴ്‌സിനെ വ്യത്യസ്തയാക്കുന്നതും. തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയാണ് ആശ കെ.രമണൻ.

2015ൽ ജൂനിയർ പബ്ലിക് ഹെൽത്ത് സിസ്റ്റത്തിലൂടെ പരീക്ഷയെഴുതിയാണ് എൻ.എച്ച്.എം വഴി ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമാകുന്നത്. കുളത്തൂപ്പുഴയിലെ പ്രാഥമികരോഗ്യകേന്ദ്രത്തിലായിരുന്നു ആദ്യ പോസ്റ്റിംഗ്. മൂന്ന് മാസത്തിന് ശേഷമാണ് കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. 2022 ജൂൺ 29നാണ് ആദ്യമായി ഒന്നര വയസുകാരനായ ആരിഷിന്റെ ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടെത്തിയത്. തുടർന്ന് ആശ ഹൃദയസംബന്ധമായി പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയ 34 കുട്ടികളിൽ മൂന്നുപേർക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി.
ഇലക്ട്രീഷ്യനായ ബാബുലാലാണ് ആശയുടെ ഭർത്താവ്. അശ്വനിലാൽ (ആറാം ക്ലാസ്) , ശ്രേയലാൽ (നാലാംക്ലാസ്) എന്നിവരാണ് മക്കൾ.


ആർ.ബി.എസ്.കെ പദ്ധതി

18വയസ് വരെയുള്ള കുട്ടികളെ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ എത്തിക്കുമ്പോഴും അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിൽ കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതാണ് ആർ.ബി.എസ്.കെ പദ്ധതി.

മർമ്മറിംഗിലൂടെ ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയെന്നത് ആശയ്ക്ക് ലഭിച്ച കഴിവാണ്. രോഗം സ്ഥിരീകരിച്ച കുട്ടികൾക്ക് ഹൃദ്യം പദ്ധതിയിലൂടെ ചികിത്സ ഉറപ്പാക്കി.

ആർ.ബി.എസ്.കെ അധികൃതർ