കരുനാഗപ്പള്ളി: കടുത്ത വേനലിലും ആശ്രയമാകുമായിരുന്ന തഴത്തോടുകൾ മാലിന്യങ്ങൾ നിറഞ്ഞ്, വെള്ളം വറ്റിയ അവസ്ഥയിലാണ്. സംരക്ഷിക്കാൻ ആരുമില്ലാത്തതാണ് തഴത്തോടുകളുടെ നാശത്തിന് കാരണമായത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന മൂന്ന് തഴത്തോടുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്.
ഓണാട്ടുകരയുടെ ജലസമൃദ്ധി
കായംകുളം കായലിൽ നിന്ന് ആരംഭിക്കുന്ന പ്രധാന തഴത്തോടിനൊപ്പം കുലശേഖരപുരം ഘണ്ടാകർണ്ണൻ കാവിന് സമീപത്തു നിന്നും ഓച്ചിറ ഞക്കനാൽ പാടശേഖരത്തു നിന്നും രണ്ട് തഴത്തോടുകൾ കൂടി ഉത്ഭവിക്കുന്നുണ്ട്. തഴത്തോടുകൾ എല്ലാം വിവിധ ഗ്രാമപഞ്ചായത്തുകൾ കടന്ന് കൊതിമുക്ക് വട്ടക്കായലിലാണ് പതിക്കുന്നത്. കരുനാഗപ്പള്ളി ഉൾക്കൊള്ളുന്ന ഓണാട്ടുകര പ്രദേശത്തെ ജലസമൃദ്ധമാക്കുന്നത് ഈ തഴത്തോടുകളാണ്. മൂന്ന് തഴത്തോടുകളും നെൽപ്പാടങ്ങളുടെ മദ്ധ്യഭാഗത്തു കൂടിയാണ് ഓഴുകുന്നത്.
കൈയേറി ,കൈയേറി നീർച്ചാലായി
കെട്ട് വള്ളങ്ങൾ പൊയ്ക്കൊണ്ടിരുന്ന തോടുകളിലൂടെ ഇന്ന് കൊതുമ്പ് വള്ളത്തിന് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൃഷി അന്യം നിന്നതോടെ തോടുകളുടെ ശനി ദശയും ആരംഭിച്ചു. കൃഷി ഉണ്ടായിരുന്നപ്പോൾ കർഷകർ എല്ലാ വർഷവും തോട് വൃത്തിയാക്കി ആഴം കൂട്ടി വെള്ളമൊഴുക്ക് തടസപ്പെടാതെ സംരക്ഷിക്കുമായിരുന്നു. എന്നാൽ നിലവിൽ സ്ഥതിയാകെ മാറി. ഇപ്പോൾ തോട് കൈയേറ്റം വ്യാപകമായി. ഏക്കറു കണക്കിന് തോടാണ് കൈയേറിയത്. അതോടെ തോടിന്റെ വീതിയും ആഴവും കുറഞ്ഞു. ഇപ്പോൾ തോടുകൾ വെറും നീർച്ചാലായി മാറുകയാണ്.നിലവിലുള്ള തോടെങ്കിലും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിലെങ്കിൽ ഭാവിൽ തോടുകൾ പൂർണമായും ഇല്ലാതാകും.
തോട് സംരക്ഷിക്കണം
തോടിന്റെ ആഴം കുറഞ്ഞതോടെ മഴക്കാലത്ത് വെള്ളപ്പൊക്കം പതിവാണ്. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവരാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. മഴ വെള്ളത്തിന് പരന്ന് ഒഴുകാനുള്ള സാദ്ധ്യത കുറഞ്ഞതാണ് ഇതിന് കാരണം. തോടിന്റെ വശങ്ങൾ സംരക്ഷിച്ച് ആഴം കൂട്ടിയാൽ പരിഹാരമാകും. തോടുകളിലെ വെള്ളം വറ്റിയതോടെ ഹിറ്റാച്ചി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തോടുകൾ വൃത്തിയാക്കാൻ കഴിയും. തൊഴിലുറപ്പ് തോഴിലാളികളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. തോടുകൾ കടന്ന് വരുന്ന ത്രിതല പഞ്ചായത്തുകളും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയും സംയുക്തമായി തോട് സംരക്ഷണത്തിനുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.