
കൊല്ലം: അന്തർ സർവകലാശാല കലോത്സവത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ കലോത്സവം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വിദ്യാഭ്യാസത്തെ എത്തിക്കുന്നതിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഹിക്കുന്ന പങ്ക് അതുല്യമാണ്.ചുരുങ്ങിയ കാലം കൊണ്ട് 22,000 പഠിതാക്കളും 28 കോഴ്‌സുകളുമായി മുന്നേറുകയാണ് യൂണിവേഴ്സിറ്റി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു കോടി രൂപ ഗ്രാന്റായി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചത് മികവിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി. കലോത്സവം നാളെ സമാപിക്കും.