ബി.ബി. ഗോപകുമാർ (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)

തിരഞ്ഞെടുപ്പ് ആവേശം ഇരച്ചുകയറുന്ന സാഹചര്യത്തിൽ പ്രമുഖ പാർട്ടികളുടെ നേതാക്കൾ സംസാരിക്കുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി വൈകുന്നത് ദോഷം ചെയ്യുമോ?

ബി.ജെ.പിയുടെ ആദ്യഘട്ട പട്ടിക മാത്രമാണ് വന്നിട്ടുള്ളത്. കൊല്ലം അടക്കമുള്ള ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയ സാദ്ധ്യതയെ ബാധിക്കില്ല. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പി ആറ് മാസം മുൻപേ പ്രചരണം ശക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ ബി.ജെ.പിയുടെ പ്രചരണം ഇപ്പോഴും നടക്കുന്നുണ്ട്.

കേന്ദ്രം കേരളത്തെ ഞെക്കിപ്പിഴിയുന്നുവെന്നാണല്ലോ എൽ.ഡി.എഫ് ആരോപണം?

എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനമാണ് കേന്ദ്ര സർക്കാരിന്. കേരളം രൂപീകരിച്ച ശേഷം കേന്ദ്ര ഫണ്ടും കേന്ദ്ര പദ്ധതികളും കേരളത്തിന് ഏറ്റവും കൂടുതൽ ലഭിച്ചത് മോദി സർക്കാരിന്റെ കാലത്താണ്. ഇതിന് കൃത്യമായ കണക്കുണ്ട്. ഒരു തരത്തിലുള്ള വിവേചനവും കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേന്ദ്രം പണം നൽകുന്നില്ലെന്ന പ്രചരണം തുടങ്ങിയത്. അതിന് മുൻപുള്ള ഒൻപത് വർഷത്തിനിടയിൽ ഇക്കാര്യം പറയുന്നത് കേട്ടിട്ടുണ്ടോ? അഴിമതിയും ധൂർത്തും മൂലം ഖജനാവ് കാലിയായത് മറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ബി.ജെ.പി ബന്ധം ആരോപിക്കുന്നുണ്ടല്ലോ?

ബി.ജെ.പിയുടെ മുന്നേറ്റത്തിൽ ഭയന്നാണ് ഇത്തരം പ്രചരണം. രണ്ട് മുന്നണികളുടെയും വോട്ട് ശതമാനത്തിൽ വളർച്ചയില്ല. സമീപകാല തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ ബി.ജെ.പിയുടെ വോട്ട് മാത്രമാണ് കുത്തനെ ഉയരുന്നത്. ഇരുമുന്നണികളുടെയും ആരോപണം അടിസ്ഥാന രഹിതമാണെന്നതിന്റെ കൃത്യമായ തെളിവല്ലേയിത്.

കേന്ദ്രത്തിൽ ഒന്നിച്ചുനിൽക്കുന്നവർ ഇവിടെ പരസ്പര മത്സരിക്കുന്നു?

അഖിലേന്ത്യതലത്തിൽ ഇടത് പാർട്ടികളും കോൺഗ്രസും ഒരു മുന്നണിയാണ്. എന്നിട്ട് കേരളത്തിൽ എന്തിനാണ് ഈ മുന്നണിക്ക് രണ്ട് സ്ഥാനാർത്ഥികൾ? കൊല്ലം അടക്കമുള്ള എല്ലാ സീറ്റുകളിലും എൽ.‌ഡി.എഫും യു.ഡി.എഫും പൊതു സ്ഥാനാർത്ഥിയെ നിറുത്തുന്നതായിരുന്നു നല്ലത്. പരസ്പരം മത്സരിച്ച് കേരളത്തിലെ ജനങ്ങളെ ഇടത്, വലത് മുന്നണികൾ കബളിപ്പിക്കുകയാണ്.

ബി.ജെ.പി മറ്റ് പാർട്ടി നേതാക്കളെ വലവിരിച്ച് പിടിക്കുന്നുവെന്ന് ആക്ഷേപമുണ്ട്?

‌ഞങ്ങൾ ആരെയും വലവിരിച്ച് പിടിക്കുന്നതല്ല. നേതാക്കൾ വരുന്നതാണ്. കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇപ്പോൾ ബി.ജെ.പിയിലാണ്. ഇക്കഴിഞ്ഞ ദിവസം ജില്ലയിലെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ ‌ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പ്രധാന പ്രചരണ വിഷയം


മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്നതാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കും. സംസ്ഥാന സർക്കാരിന്റെ ധൂർത്തും ഭരണവൈകല്യവും കാരണം ക്ഷേമ പെൻഷനില്ല, ക്ഷേമനിധി പെൻഷനില്ല, സപ്ലൈകോയിൽ സാധനങ്ങളില്ല. ഉള്ളതിനെല്ലാം തീവില, സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ല. പാവങ്ങൾക്ക് കൊടുക്കാൻ പണമില്ല, പക്ഷെ നവകേരളസദസ്, കേരളീയം എന്നൊക്കെ പറഞ്ഞ് കോടികൾ പൊടിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഞെട്ടിക്കുന്ന അഴിമതി ആരോപണങ്ങളല്ലേ ഉയരുന്നത്. ഇതെല്ലാം ചർച്ച ചെയ്യും.