കൊല്ലം: പ്രഥമ ശ്രീനാരായാണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവ വേദികളുടെ പേരുകളിൽ നിറഞ്ഞു നിൽക്കുന്നത് കൊല്ലത്തിന്റെ പെരുമ.
ആകെ 9 വേദികളാണുള്ളത്. മലയാളത്തിന്റെ ആദ്യകാല ആക്ഷൻഹീറോ ജയന്റെ പേരിലാണ് ഒന്നാം വേദിയായ ജയൻ നഗർ. മലയാള സിനിമാഗാനരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച ദേവരാജൻ മാഷിന്റെ പേരിലാണ് രണ്ടാം വേദി (ജോൺ എബ്രഹാം ഹാൾ). വഞ്ചിപ്പാട്ട് മുതൽ ഗാനമേള വരെ വേദി രണ്ടിലാണ് അരങ്ങേറുക. ലോക സാഹിത്യത്തെയും ചരിത്രത്തെയും കഥകളാക്കിയ സംബശിവന്റെ ഓർമയിലാണ് കഥാപ്രസംഗവും കവിതയും ക്ലാസിക്കൽ സംഗീതവും നിറഞ്ഞ മൂന്നാം വേദിയായ സാംബശിവൻ നഗർ. ജോർജ് വർഗീസ് കാക്കനാടന്റെ പേരിലാണ് നാലാം വേദി. കഥകളി അരങ്ങിലെ ആദ്യ സ്ത്രീ സാന്നിദ്ധ്യമായ ചവറ പാറുക്കുട്ടിയുടെ പേരിൽ വേദി അഞ്ച്. വിമർശനത്തിന്റെ സുവിശേഷങ്ങൾ കൊണ്ട് മലയാളത്തിൽ മധുരം നിറച്ച കെ.പി. അപ്പന്റെ പേരിലാണ് വേദി ആറ്.
ചിത്രകലാകാരൻ ജയപാലപണിക്കരുടെ പേരിലാണ് ഏഴാം വേദി. ക്ലേ മോഡലിംഗും സ്‌പോട്ട് ഫോട്ടോഗ്രാഫിയുമാണ് ഈ വേദിയിൽ നടക്കുക. അഷ്ടമുടിയുടെ ആഴങ്ങളിലെ പ്രണയത്തെക്കുറിച്ചെഴുതിയ തിരുനല്ലൂർ കരുണാകരന്റെ പേരിലുള്ളതാണ് എട്ടാം വേദി. ഒമ്പതാം വേദി
നാടകാചാര്യൻ ഒ. മാധവന്റെ പേരിലും.