
കൊല്ലം: ഉറ്റവരുടെയും ഉടയവരുടെയും അന്ത്യ ചുംബനം ഏറ്റുവാങ്ങി പാറ്റ് നിബിൻ മാക്സ്വെൽ വാടി സെന്റ് ആന്റണീസ് പള്ളിയിൽ നിത്യനിദ്രയിലായി. വികാര നിർഭര രംഗങ്ങൾക്കാണ് നിബിന്റെ വീടായ കാർമ്മൽ കോട്ടേജ് സാക്ഷ്യ വഹിച്ചത്.
ഇസ്രയേലിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മിസൈൽ ആക്രമണത്തിലാണ് കൊല്ലം വാടി സ്വദേശിയായ പാറ്റ് നിബിൻ മാക്സ്വെൽ (31) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് നിബിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നിബിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണെത്തിയത്. നിബിന്റെ അമ്മ റോസ്ലിയുടെയും ബന്ധുക്കളുടെയും നിലവിളി കൂടിനിന്നവരുടെ കണ്ണു നനയിച്ചു. ഏഴ്മാസം ഗർഭിണിയായ ഭാര്യ ഫിയോണയും സംഭവിക്കുന്നതെന്തെന്നറിയാതെ പപ്പ എന്ന് വിളിച്ച് കരയുന്ന അഞ്ച് വയസുകാരി ആമിയയും അന്ത്യ ചുംബനം നൽകുന്ന കാഴ്ച ഹൃദയഭേദകമായി.
കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയാണ് അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചത്. വൈകിട്ട് നാലിന് വാടി പള്ളിയിൽ സംസ്കാരചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോകും വരെ വാടിയിലെ കാർമ്മൽ കോട്ടേജിലേക്ക് ജന പ്രവാഹമായിരുന്നു. തുടർന്ന് വൈകിട്ട് നാല് മണിയോടെ വാടി പള്ളിയിൽ ശ്രുശ്രൂഷ ചടങ്ങുകൾ നടന്നു. ഇതിന് ശേഷമാണ് നിബിനായി ഒരുക്കിയ കല്ലറയിലേക്ക് മൃതദേഹം എത്തിച്ചത്. ഫിയോണയും ആമിയയും അവസാന മൺതരി കുഴിമാടത്തിലേക്ക് ഇട്ടതോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.
ബംഗളൂരുവിലെ ഇസ്രായേൽ കോൺസൽ ജനറൽ ടാമി ബെൻ ഹൈം നിബിന് പുഷപചക്രം അർപ്പിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എം.മുകേഷ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് എ.കെ. ഹഫീസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ ഗീതാകൃഷ്ണൻ, സൂരജ് രവി, ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ശശികല റാവു, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.