കൊല്ലം: ഇലക്ട്രിക് പോസ്റ്റിനും മതിലിനും ഇടയിൽ കുടുങ്ങി യുവാവിന് പരിക്ക്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തോട്ടുംഭാഗത്ത് തെക്കതിൽ വീട്ടിൽ ഷൈജു(38) ആണ് അപകടത്തിൽപ്പെട്ടത്. ചിങ്ങേലി ഇന്ത്യൻ ഓയിലിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2 നായിരുന്നു സംഭവം. 11 കെ.വിയ്ക്ക് വേണ്ടി മതിലരികിൽ കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിൽ ഉച്ചമയക്കത്തിനായി കിടക്കുന്നതിനിടെ പോസ്റ്റ് തെന്നിമാറിയാണ് അപകടം നടന്നത്. പോസ്റ്റിനും മതിലിനും ഇടയിൽ കുടുങ്ങിയ ഷൈജുവിന്റെ ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷൈജുവിന്റെ നിലവിളി കേട്ട് നാട്ടുകാർ കടയ്ക്കൽ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഷൈജുവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.