കൊല്ലം: അദ്ധ്യാപകർ മത്സരാർത്ഥികളായപ്പോൾ ഫാത്തിമ മാത നാഷണൽ കോളേജിന് തിരുവാതിരയിൽ ഒന്നാംസ്ഥാനം. ഉളിയനാട് സർക്കാർ എച്ച്.എസിലെ എൽ.പി വിഭാഗം അദ്ധ്യാപിക ലിനി, കോട്ടയം ടീച്ചർ എഡ്യുക്കേഷനിലെ അദ്ധ്യാപിക അശ്വതി അജി, ഇഞ്ചക്കാട് സർക്കാർ എൽ.പി സ്‌കൂളിലെ ശിവതാര എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്ന സംഘം തിരുവാതിര വേദിയിലെത്തിയത്. എല്ലാവരും യൂണിവേഴ്സിറ്റിയിലെ മലയാളം ബിരുദാനന്തര വിദ്യാർത്ഥികൾ.
സ്വന്തം കുട്ടികളെ സ്‌കൂൾ കലോത്സവ വേദിയിൽ എല്ലാ വർഷവും കൊണ്ടുപോകുന്നതല്ലാതെ, വേദിയിൽ കയറിയിട്ടില്ല. ആ കൗതുകത്തിലും പരിഭ്രമത്തിലും ആയിരുന്നു എല്ലാവരും എത്തിയത്. പക്ഷെ അതൊന്നും വേദിയിൽ കണ്ടില്ല. ചുവടുകളും പാട്ടും പിഴയ്ക്കാതെ അവർ വേദിയിൽ നിറഞ്ഞാടി. പഠനകേന്ദ്രത്തിലെ സഹപാഠികളായ സജീവ് ശശി, ആദർശ്, എസ്.എസ്. അരുൺ, ഹരീഷ്, ബാബുരാജ് എന്നിവരും ഇവർക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്നു.