
കൊല്ലം: കലോത്സവത്തിലെ അഞ്ചാം വേദിയായ പാറുക്കുട്ടി നഗറിലെ മലയാള പ്രസംഗ മത്സത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിയെ കണ്ട് ഫാത്തിമ കോളേജിലെ വിദ്യാർത്ഥികൾ ഒന്ന് ഞെട്ടി, തങ്ങളുടെ കോളജിലെ പ്രിയ അദ്ധ്യാപകൻ!
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഫാത്തിമ മാതാ നാഷണൽ കോളേജിലെ മലയാളം വിഭാഗത്തിലെ അദ്ധ്യാപകനുമായ ഷെല്ലിയാണ് വിദ്യാർത്ഥികൾക്കൊപ്പം മലയാളം പ്രസംഗത്തിൽ മത്സരിക്കാനെത്തിയത്. ഇംഗ്ലീഷിൽ പി.ജി എടുക്കുന്നത് മലയാളം അദ്ധ്യാപകർക്കും ഇംഗ്ലീഷ് നല്ലവണ്ണം വഴങ്ങും എന്ന് തെളിയിക്കാനാണെന്ന് ഷെല്ലി പറഞ്ഞു. കേരള യൂണിവേഴ്സിറ്റിയിലെ എം.എ മലയാളം റാങ്ക് ജേതാവായിരുന്ന ഷെല്ലി കലയെ നെഞ്ചോട് ചേർത്ത് വച്ചിട്ടുള്ള ആളാണ്. മലയാളം പ്രസംഗം കൂടാതെ മലയാളം സംവാദം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.