കൊല്ലം: ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയാകും.
ഒന്നാം ദിവസത്തെ സമ്മാനദാന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. സമാപന ദിവസമായ ഇന്ന് മിമിക്രി, മോണോ ആക്ട്, പ്രഛന്നവേഷം, സ്‌കിറ്റ്, മൈം, ദഫ് മുട്ട്, ഗാനമേള, വഞ്ചിപ്പാട്ട്, ഗ്രൂപ്പ് സോംഗ്, കഥാപ്രസംഗം, പെയിന്റിംഗ്, കാർട്ടൂൺ, രംഗോലി, ക്വിസ് എന്നിവ അരങ്ങേറും.
70 പോയിന്റുമായി എറണാകുളം മഹാരാജാസ് പഠനകേന്ദ്രമാണ് ഒന്നാമത്. 31 പോയിന്റുമായി കായംകുളം എം.എസ്.എം പഠനകേന്ദ്രവും 28 പോയിന്റുമായി ഫാത്തിമ മാതാ നാഷണൽ കോളേജുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എം. ജയപ്രകാശ്, കെ.അനുശ്രീ, ഹെഡ് ഒഫ് സ്കൂൾ ഡോ.വിൻസെന്റ് ബി.നെറ്റോ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.ബിജു കെ.മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.ഗ്രെഷ്യസ് ജെയിംസ് എന്നിവർ സംസാരിക്കും.